കണ്ണൂർ: എഡിഎം നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. പെട്രോൾ പമ്പിന് NOC നൽകുന്നതിൽ നവീൻ കാലതാമസം വരുത്തിയിട്ടില്ലെന്നും, വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ.കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്.
പെട്രോൾ പമ്പിന് NOC വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അതിന് അനുമതി നൽകുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാൽ സ്ഥലംമാറ്റമായി കണ്ണൂർ വിടുന്നതിന് രണ്ട് ദിവസം മുൻപ് നവീൻ ബാബു പമ്പിന് NOC നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയിൽ ആരോപിച്ചത്.