കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ആശ്വാസവുമായി ടോളിവുഡ് മെഗാസ്റ്റാർ ചിരഞ്ജീവിയും മകൻ രാം ചരൺ തേജും. ദുരിതബാധിതർക്ക് ആശ്വാസമായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ താനും രാംചരണും ചേർന്ന് കൈമാറുമെന്ന് ചിരഞ്ജീവി പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകൃതി ക്ഷോഭം മൂലം കേരളത്തിൽ നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായ സംഭവം ആഴത്തിൽ വേദനപ്പിച്ചു. വയനാട്ടിലെ ദുരിതബാധിതരെ എൻ്റെ അനുശോചനം അറിയിക്കുന്നു.
ദുരിതബാധിതരോടുള്ള ഞങ്ങളുടെ ഐക്യദാർണ്ഡ്യത്തിൻ്റെ അടയാളമായി ഞാനും രാം ചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. ദുരിതബാധിതർക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു – ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.