ഇലന്തൂരില്‍ നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ ഭക്ഷിച്ചതായി വെളിപ്പെടുത്തല്‍. സിദ്ധന്റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതെന്ന് പ്രതികളിലൊരാളായ ലൈല പൊലീസിന് മൊഴി നൽകി. ആയുരാരോഗ്യത്തിനുവേണ്ടിയാണ് മാംസം കഴിച്ചതെന്നും ലൈല പൊലീസിനോട് പറഞ്ഞു. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.
നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന് പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.