ആൾകൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിൻ്റെ ജീവിതം പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ‘ പുറത്ത് വിട്ടു. മധുവിൻ്റെ ഓർമ്മദിനത്തിലാണ് ഫെഫ്ക ഡയറക്ടേർസ് യൂണിയൻ്റെ ഓഫീഷ്യൽ പേജിലൂടെ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തത്. ‘മകനായിരുന്നു.. കാടിൻ്റെ.. പരിസ്ഥിതിയുടെ’ എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ.
ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ സോഹൻ റോയാണ് ചിത്രത്തിൻ്റെ നിർമ്മാണം. വിജീഷ് മണി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അപ്പാനി ശരത്താണ് കേന്ദ്ര കഥാപാത്രമായ മധുവിനെ അവതരിപ്പിക്കുന്നത്. ‘സംഭവിക്കാതിരിക്കട്ടെ, ഒരു മനുഷ്യനും’ എന്നായിരുന്നു ചിത്രത്തിൻ്റെ പോസ്റ്റർ വാചകം. അതേസമയം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തി. രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടനും മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് ലഭിച്ചത്.
വിയാൻ, ചന്ദ്രൻ മാരി, മുരുകേഷ് ഭുതുവഴി, രാജേഷ് ബി., മുത്തുമണി, പ്രകാശ് വാടിക്കൽ, റോജി പി. കുര്യൻ, ശ്രീകുട്ടി, അമൃത, വടികയമ്മ, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക എന്നിവരാണ് മറ്റ് താരങ്ങൾ. പി. മുരുകേശ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രതീഷ് വേഗയാണ് സംഗീതം. ചന്ദ്രൻമാരി, സോഹൻ റോയ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവർ ഗാനരചനയും ബി. ലെനിൻ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. രതീഷ് വേഗ, വടികിയമ്മ, ശ്രീലക്ഷ്മി വിഷ്ണു എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് ഗുരുവായൂർ മേക്കപ്പും ബി.സി ബേബി ജോൺ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. എ.എസ് ദിനേശാണ് പി.ആർ.ഒ. അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് ആണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഹൗസ്.