ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെ. ബി.ജെ.പി പറയുന്ന ഹിന്ദുത്വയില്‍ വിശ്വാസമില്ലെന്നും എന്ത് കഴിച്ചു എന്നതിന്റെ പേരില്‍ തങ്ങള്‍ ആരെയും ചുട്ടു കൊല്ലാറില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
‘ഞങ്ങളുടെ ഹിന്ദുത്വ എന്താണെന്ന് കൃത്യമായി നിര്വചിക്കുപ്പെട്ടതാണ്. ആളുകളെ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ഞങ്ങള്‍ ചുട്ടുകൊല്ലാറില്ല. ഇതാണ് ബി.ജെ.പിയുടെ ഹിന്ദുത്വയെങ്കില് അതില്‍ എനിക്കും എന്റെ പിതാവിനും മുത്തച്ഛനും ഈ ജനങ്ങള്‍ക്കും വിശ്വാസമില്ല,’ താക്കറെ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
2014ല്‍ ശിവസനേയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതുവരെയും താന്‍ ഹിന്ദുവാണ്. ഇപ്പോഴും താന്‍ ഹിന്ദുവാണ്. ഇന്ന് സംസ്ഥാനത്ത് ബി.ജെ.പി കലാപം സൃഷ്ടിക്കുകയാണ്. 2014ല്‍ ബി.ജെ.പി ശിവസനേയെ പിന്നില്‍ നിന്ന് കുത്തിയെന്നും ആദിത്യ താക്കറെ പറഞ്ഞു. ഹൈദരാബാദിലെ ഗിതം യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഏക്നാഥ് ഷിന്‍ഡെയാണോ ബി.ജെ.പിയാണോ ശിവസേനയ്ക്ക് ഭീഷണിയെന്ന ചോദ്യത്തിന് ഏക്നാഥ് ഷിന്‍ഡെ ഒരു ഭീഷണിയാണെന്ന് കരുതുന്നില്ല എന്നായിരുന്നു ആദിത്യ താക്കറെയുടെ മറുപടി. എന്നാല്‍ ബിജെപിയുമായി വ്യക്തിപരമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.