തുടർ ഓഹരി വിൽപ്പന(എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിപണിയിലെ അസ്ഥിരത പരിഗണിച്ചാണ് തീരുമാനം. സഹകരിച്ചവർക്ക് നന്ദിയെന്ന് അദാനി അറിയിച്ചു.അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. നഷ്ടം 72 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
ജനുവരി 24 ന് പുറത്ത് വന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് വലിയ ഇടിവാണ് സംഭവിച്ചത്. 4.55 കോടി ഓഹരികളാണ് എഫ്പിഒയില് വിറ്റഴിക്കുന്നതിന് വേണ്ടി ലക്ഷ്യമിട്ടിരുന്നത്. ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ഇവയില്‍ 11% മാത്രമാണ് നിക്ഷേപകരെത്തിയത്.
എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടതോട് കൂടി അദാനി ലോകത്തിലെ ധനികരുടെ ആദ്യത്തെ പത്തില്‍ നിന്നും പിന്തള്ളപ്പെട്ടു. കുറഞ്ഞ ദിവസത്തിനുള്ളില്‍ 72 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് 134.2 ബില്യണ്‍ ഡോളറായിരുന്നു അദാനിയുടെ ആസ്തി.