തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും നാടോടി കുടുംബത്തിലെ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. പ്രതി നാടോടിയോ മറുനാട്ടുകാരനോ അല്ലെന്നും മലയാളിയാണെന്നുമാണ് ലഭ്യമായ വിവരം. ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും എന്നാൽ കുഞ്ഞ് കരഞ്ഞതോടെ ഉപേക്ഷിക്കുകയുമായിരുന്നുവെന്നുമാണ് സൂചന.
അർധരാത്രിയിൽ ഉറങ്ങികിടന്ന മാതാപിതാക്കളുടെ ഇടയിൽ നിന്നും കാണാതായ രണ്ട് വയസ്സുകാരിയെ 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിന് അടുത്തുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. നാടിളക്കി പൊലീസ് നടത്തിയ തെരച്ചിലിനെ തുടർന്ന് തട്ടിക്കൊണ്ടു പോയവർ തന്നെ കുട്ടിയെ ഓടയിൽ ഉപേക്ഷിച്ചതാവാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഉറക്കത്തിനിടെ കുട്ടി തനിയെ എഴുന്നേറ്റ് പോയതാണോ എന്ന സംശയവും പിന്നീട് ഉണ്ടായിരുന്നു.
ഇങ്ങനെ യാതൊരു സൂചനയുമില്ലാതെ നീങ്ങിയ കേസിലാണ് അപ്രതീക്ഷിതമായി പ്രതി പിടിയിലാവുന്നത്. ഡിസിപി നിധിൻ രാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് പ്രതി പിടിയിലായിരിക്കുന്നത്.