നടന് ഭീമന് രഘു ഒരു മണ്ടനും കോമാളിയുമാണെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില് ഉണ്ടെന്നേയുള്ളു, ഭീമന് രഘു പണ്ടേ ഇങ്ങനെയാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കേരള എടുത്ത അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും കഴിയുന്നവരെ ഭീമന് രഘു എഴുന്നേറ്റു നിന്ന് കേട്ടതു സംബന്ധിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
‘ 15 മിനുട്ട് സംസാരിച്ചപ്പോഴും ഭീമന് രഘു എഴുന്നേറ്റ് നിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല. അതാണ് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടുന്നതും. രഘൂ അവിടെ ഇരിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കില്‍ ഇവന് ആളായി പോകുമായിരുന്നു. അങ്ങനെ പുള്ളി ആരെയും ആളാക്കാറില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന് രഘു. മസില് ഉണ്ടെന്നെയുള്ളു. ഞങ്ങള്‍ എത്ര കാലമായി കളിയാക്കി കൊല്ലു്നന ഒരാള്‍ ആണ്. മണ്ടന്‍ ആണ്,’ രഞ്ജിത്ത് പറഞ്ഞു.
ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, രഘൂ, നിങ്ങളെ ശക്തി കൊണ്ടും ബുദ്ധി കൊണ്ടും കീഴ്പ്പെടുത്താന്‍ തനിക്കാകില്ലെന്ന്. അപ്പോള്‍ രഘു പറഞ്ഞു, ശക്തികൊണ്ടാകില്ല, പക്ഷെ ബുദ്ധി കൊണ്ട് എങ്ങനെയാണെന്ന്. ഉടനെ സുഹൃത്ത് പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ എന്ന്. അതാണ്. പുള്ളിക്ക് അത് പോലും മനസിലായില്ല എന്നും രഞ്ജിത്ത് പറഞ്ഞു.
പൊളിറ്റിക്കല്‍ കറക്ടനസ് എന്ന വാക്ക് തന്നെ ദിലീഷ് പോത്തനോ ശ്യാം പുഷ്കരനോ ലിജോ ജോസോ ഇരിക്കുന്ന ഒരു സ്ഥലത്ത് കയറി വരില്ല. അതെന്താണ് എന്നാണ് അവര്‍ ചോദിക്കുന്നത്. അവര്‍ അത്തരം ഭാരങ്ങള്‍ തലയില്‍ എടുക്കാറേ ഇല്ല. കഴിയുമെങ്കില്‍ ഞാന്‍ അടക്കമുള്ള സിനിമാക്കാരെ ഇന്റര്‍വ്യു ചെയ്യാനും പോകരുത്. വേസ്റ്റ് ആണ്. ഒരു വിഭാഗം സിനിമാക്കാര് ഞെട്ടിയിരിക്കുന്നത് വിജയ് ചിത്രം ലിയോയ്ക്ക് കേരളത്തില്‍ നിന്നും കിട്ടിയ കോടികളുടെ കണക്കിലാണ്. അതുപോലെ ഷാരൂഖ് ഖാന് ചിത്രം ജവാന് എന്ന പടം. ഒരു സൈദ്ധാന്തികതയും ഒരു പൊളിറ്റിക്കല്‍ കറക്ടനസും, കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തേങ്ങാക്കൊലയും ഇല്ല. രണ്ടര മണിക്കൂര്‍ ഹാപ്പിയായി കണ്ടിട്ട് അവന് വീട്ടില്‍ പോകും. തലയില്‍ മുണ്ടിട്ടും സൈദ്ധാന്തികന്മാര് ലിയോ കാണും. മലയാളികളുടെ ഹിപ്പോക്രസിയാണ് എന്നും രഞ്ജിത്ത് പറഞ്ഞു.
സെപ്തംബര്‍ 15ന് നടന്ന 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് ഭീമന് രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നത് വരെയും ഭീമന് രഘു എഴുന്നേറ്റ് നിന്നു. മുഖ്യമന്ത്രിയോടുള്ള തന്റെ ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നാണ് ഇതിനെക്കുറിച്ച് ഭീമന് രഘു പ്രതികരിച്ചത്. ഇത് വലിയ ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു.