തിരുവനന്തപുരം: ആത്മകഥ പുറത്തിറക്കാനൊരുങ്ങി ഇ പി ജയരാജൻ. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ആത്മകഥയിലുണ്ടാകും.രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ എന്നതിനുളള മറുപടിയും ആത്മകഥയിൽ നിന്നും പ്രതീക്ഷിക്കാം.എല്ലാത്തിനുമുള്ള പ്രതികരണം ആത്മകഥയിൽ ഉണ്ടാകുമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
ഇപ്പോൾ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ജയരാജൻ വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ജയരജനെ പാർട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കൺവീനർ.
സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതിൽ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ ഈ പ്രതികരണമാണ് ഇ.പി ജയരാജന്റെ സ്ഥാനം തെറുപ്പിച്ചത്. നടപടിക്ക് പിന്നാലെ ചിന്ത ഫ്ളാറ്റിലെ മുറിയൊഴിഞ്ഞു ഇന്ന് രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ഇ.പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ജയരാജനെ സ്ഥാനത്ത് നിന്നും നീക്കിയത്. സിപിഐഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നടപടി.