ദില്ലി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബാപ്സ് ഹിന്ദുമന്ദിർ തലവൻ സ്വാമി ബ്രഹ്മവിഹാരിദാസ് ആണ് ക്ഷേത്ര പുരോഗതി പ്രധാനമന്ത്രിയെ ധരിപ്പിച്ചത്.
മിഡിൽ ഈസ്റ്റിൽ ആദ്യമായി നിർമ്മിക്കുന്ന ക്ഷേത്രത്തിൻ്റെ നിർമ്മാണം അൻപത് ശതമാനത്തോളം പൂർത്തിയായെന്നും അടുത്ത വർഷം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നും ബ്രഹ്മവിഹരിദാസ് മോദിയെ അറിയിച്ചു. 2024 ഫെബ്രുവരി 14-ന് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു കൊടുക്കാനാണ് ഭരണസമിതി പദ്ധതിയിടുന്നത്. ക്ഷേത്രത്തിൻ്റെ 3ഡി മോഡൽ ബ്രഹ്മവിഹാരിദാസ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പിങ്ക് നിറത്തിലുള്ള മണൽ കല്ലുകളും വെളുത്ത മാർബിളും ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
മരുഭൂമിയിൽ താമര വിരിഞ്ഞ പോലെ മനോഹരമായിരിക്കും ഈ ക്ഷേത്രം. അത്രയും മനോഹരവും നിലവാരമുള്ളതുമാണ് ക്ഷേത്രത്തിൻ്റെ രൂപകൽപനയും നിർമ്മാണവും . പൌരാണിക ശിൽപകലയെ അടിസ്ഥാനമാക്കിയായിരിക്കും ക്ഷേത്രത്തിലെ കൊത്തുപണികൾ. ചുമർശിൽപങ്ങളിൽ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നിറയുന്നതാവും ക്ഷേത്രമതിലിലെ ശിൽപങ്ങൾ. അതോടൊപ്പം അറബ് സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്ന നിർമ്മാണങ്ങളും ഉൾക്കൊള്ളിക്കും. – ബ്രഹ്മവിഹാരിദാസ് വ്യക്തമാക്കി.