വ്യത്യസ്ത തരത്തിലുള്ള മോഷ്ടാക്കളെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ മോഷ്ടിക്കാൻ കയറിയ വീടിനെ സ്വന്തം വീടുപോലെ കരുതി പെരുമാറിയ കള്ളനെ പറ്റി ആരും കേൾക്കാനിടയില്ല. അത്തരത്തിലുള്ള ഒരു കള്ളനാണ് ഇപ്പോൾ വൈറലാവുന്നത്. ഫ്ലോറിഡയിൽ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയതിനു ശേഷം അവിടെ തന്നെ ഉറങ്ങുകയും കുളിക്കുകയും കാപ്പിയുണ്ടാക്കി കുടിക്കുകയും പാകം ചെയ്ത ഭക്ഷണം വീട്ടുകാർക്ക് ബാക്കി വയ്ക്കുകയും ചെയ്ത് ഒരു കള്ളൻ. മോഷ്ടിക്കാൻ കയറി കുളിച്ച് കാപ്പിയൊക്കെ കുടിച്ച് അയാൾ മടങ്ങി. സക്കറി സേത്ത് മർഡോക്ക് എന്ന ഇരുപത്തിയൊമ്പതുകാരനാണ് ഈ വ്യത്യസ്തനായ കള്ളൻ.
വീടിന്റെ മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്താൻ ഇയാൾ അകത്ത് കയറിയത്. അവധിക്കാല വാടകവീടായിരുന്നു ഇവിടം. ആദ്യം ബാത്ത്ടബിൽ പോയി വിശദമായ കുളി. പിന്നെ കിടപ്പുമുറിയിൽ കുറച്ച് നേരം ഉറക്കം. ഉണർന്ന ശേഷം കാപ്പി ഉണ്ടാക്കി കുടിച്ചു. ബാക്കി വന്ന കാപ്പി അവിടെ തന്നെ വച്ചിട്ട് മടങ്ങുകയും ചെയ്തു. എന്നാൽ സാധാരണ കള്ളന്മാരെ പോലെ അടയാളങ്ങളെല്ലാം മായ്ച്ചിട്ട് പോകുന്ന സ്വഭാവക്കാരനായിരുന്നില്ല ഇയാൾ. അതിശയമെന്തെന്നാൽ അടുക്കളയിലെ വേസ്റ്റ് ബിന്നിൽ ഇയാൾ തന്റെ ബസ് ടിക്കറ്റ് ഉപേക്ഷിച്ചിരുന്നു എന്നതാണ്.
അതേസമയം അന്ന് വൈകുന്നേരം തന്നെ സമീപത്തെ മറ്റൊരു വീട്ടിൽ മോഷണം നടക്കുകയും ചെയ്തു. അവിടെ എത്തിയ പൊലീസിനോട് ഉടമ അയാളെ കുറിച്ചുള്ള വിശദമായ വിവരങ്ങളെല്ലാം നൽകി. അയാൾ തിരിച്ച് വീട്ടിലെത്തിയപ്പോൾ ഉടമ അവിടെ തന്നെ ഉണ്ടായിരുന്നു. എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ ‘ടോണിയെ അന്വേഷിച്ച് വന്നതാണ്’ എന്ന് മറുപടി പറഞ്ഞ് അയാൾ അപ്പോൾ തന്നെ അവിടെ നിന്നും മുങ്ങുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി എസ്കാംബിയ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.