റിയാദ്: ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഗാസയിൽ ഫലസ്തീനികൾക്കെതിരെ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദി ഇസ്രായേലാണെന്നും അതിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശനിയാഴ്ച പറഞ്ഞു.
ഗാസ വിഷയം ചർച്ച ചെയ്യാനായി റിയാദിൽ ചേർന്ന അറബ് ലീഗ് നേതാക്കളുടെ അടിയന്തരയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഗാസയിലെ സൈനിക നടപടികൾ ഇസ്രയേൽ ഉടൻ നിർത്തിവയ്ക്കണമെന്ന് രാജകുമാരൻ ആവശ്യപ്പെട്ടു. യുദ്ധമേഖലയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി മാനുഷിക ഇടനാഴി ഉടൻ തുറക്കണം. ഐക്യരാഷ്ട്രസഭയുടേതടക്കം വിവിധ ഏജൻസികളെ ഗാസയിൽ പ്രവേശിച്ച് രക്ഷാപ്രവർത്തനം നടത്താൻ അനുവദിക്കണമെന്നും എം.ബി.എസ് ആവശ്യപ്പെട്ടു.
“എല്ലാ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും നിരപരാധികളെ സംരക്ഷിക്കാനുമുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും രാജകുമാരൻ വ്യക്തമാക്കി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവൻ അപഹരിക്കുകയും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും ചെയ്ത ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തെ സൗദി അറേബ്യ അപലപിക്കുന്നതായി അദ്ദേഹം ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നത്. ആഗോള സുരക്ഷയ്ക്ക് തന്നെ ഇതു ഭീഷണിയായി മാറുകയാണ്. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ യുഎൻ രക്ഷാസമിതിയും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടിരിക്കുന്നു. ഒരു മാനുഷിക ദുരന്തമാണ് ഗാസയിൽ അരങ്ങേറുന്നത് – എംബിഎസ് പറഞ്ഞു.
അധിനിവേശവും ഉപരോധവും കുടിയേറ്റവും അവസാനിപ്പിക്കുകയാണ് മേഖലയിൽ സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കാനുള്ള ഏക മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി 1967-ലെ അതിർത്തിയുടെ അടിസ്ഥാനത്തതിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.