സിറിയയിൽ യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ശാമൽ ബകൂറിന് ആറ് മാസം മാത്രമായിരുന്നു പ്രായം. മാതാപിതാക്കൾക്കൊപ്പം അലപ്പോ നഗരം വിടാനൊരുങ്ങുമ്പോൾ കാറിന് മുകളിൽ പൊടുന്നനെ വന്നു വീണ മിസൈലിന്റെ അഗ്നിഗോളങ്ങൾ അവളുടെ പിതാവിനെ വിഴുങ്ങി. പിന്നീട് ഉമ്മ മനാൽ മതാറിനൊപ്പം ബോംബുകൾ വർഷിക്കുന്ന തെരുവിലാണ് ശമാൽ വളർന്നത്. അക്ഷരങ്ങൾ പഠിപ്പിച്ചതും പുസ്തകങ്ങളെ പ്രണയിക്കാൻ ശീലിപ്പിച്ചതും ഉമ്മയാണ്.
ഇന്നിതാ ഈ ഏഴ് വയസ്സുകാരി ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു. ദുബായിലെ ഒപ്പേറ ഹൗസിൽ വച്ച് നടന്ന ആറാമത് അറബ് റീഡിങ് ചലഞ്ചിൽ ഒന്നാം സ്ഥാനം കരസ്തമാക്കുമ്പോൾ സദസ്സിൽ വൻ കരഘോഷങ്ങളാണ് മുഴങ്ങിയത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പക്കൽ നിന്നുമാണ് ശാമൽ അറബ് റീഡിങ് ചാമ്പ്യന്റെ അവാർഡ് ഏറ്റുവാങ്ങിയത്.
ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിൽ നിന്നും 2.27 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. അഞ്ചു ലക്ഷം ദിർഹം ( ഒരു കോടിയിലേറെ രൂപ) സമ്മാനമായി ലഭിക്കുന്ന അവാർഡ് മേഖലയിലെ വായനയ്ക്കുള്ള ഏറ്റവും വലിയ പുരസ്കാരമാണിത്. മാതാവിനോപ്പമെത്തി ശാമൽ പുരസ്കാരം ഏറ്റുവാങ്ങി. മത്സരത്തിനായി 70 ഓളം പുസ്തകങ്ങളാണ് ഈ കൊച്ചു മിടുക്കി വായിച്ച് തീർത്തത്. അവാർഡ് ലഭിച്ചതിന്റെ സന്തോഷവും ശാമൽ പങ്കുവച്ചു. വായന മനസിനും ആത്മവിനും ഭക്ഷണമാണെന്ന് ശാമൽ പറഞ്ഞു. അതേസമയം ഏറ്റവും വികച്ച സ്കൂളിനുള്ള പുരസ്കാരം മൊറൊക്കയിലെ സ്കൂളിനാണ് ലഭിച്ചത്. 10 ലക്ഷം ദിർഹമാണ് സമ്മാനത്തുക.