സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്തുകൊണ്ടുപോയ കപ്പലിലെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ കപ്പലിൽ തിരികെ എത്തിച്ചു. സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയിരുന്നു. സനു ജോസിനെ നൈജീരിയക്ക് കൈമാറുമെന്ന ആശങ്കക്കിടെയാണ് കപ്പലില്‍ തിരികെ എത്തിച്ചിരിക്കുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരെ ഹോട്ടലിലേക്ക് മാറ്റി.
ഇന്ത്യയുടെ ഇടപെടൽ മൂലം നൈജീരിയയിലേക്ക് കൊണ്ടുപോകുന്നത് ഒഴിവായെന്നും സനു വ്യക്തമാക്കി. മൂന്ന് മലയാളികളടക്കം പതിനാറ് ഇന്ത്യക്കാരാണ് ഹീറോയിക് ഇഡുൻ കപ്പലിലുള്ളത്. സനു ജോസിനെക്കൂടാതെ നാവിഗേറ്റിംഗ് ഓഫീസറായ കൊല്ലം സ്വദേശി വിജിത്ത്, കൊച്ചി സ്വദേശി മിൽട്ടൻ എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ. 16 ഇന്ത്യക്കാരാണ് തടവിലാക്കപ്പെട്ട 26 നാവികരിലുള്‍പ്പെട്ടത്.
തടവിലാക്കി 3 മാസം പിന്നിട്ടതോടെ ആരോഗ്യപ്രശ്നങ്ങളും സമ്മര്‍ദവുംമൂലം സംഘത്തില്‍ പലരും അവശരായിരുന്നു. രക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു. ജീവനക്കാരുടെ മോചനത്തിനായുള്ള ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നും വിജിത്തിന്റെ വീട്ടിലേക്ക് ഇന്നലെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും കഴിഞ്ഞ ദിവസം കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.
ആഗസ്റ്റ് 8നാണ് നോര്‍വേ ആസ്ഥാനമായ ‘എംടി ഹീറോയിക് ഇഡുന്‍’ എന്ന കപ്പല്‍ നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. കപ്പലിനു സമീപത്തേക്ക് ഒരു ബോട്ട് എത്തുന്നത് കണ്ടതോടെ രാജ്യാന്തര കപ്പല്‍ച്ചാലിലേക്കു മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു.