ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. മത്സരം കാണാനെത്തുന്ന ആരാധകർക്ക് സ്റ്റേഡിയങ്ങളെയും മറ്റ് സജ്ജീകരണങ്ങളെയും പോലെത്തന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വിസ്മയം കൂടിയുണ്ട്. ഖത്തർ ലോകകപ്പിനെ വേറിട്ട് നിർത്തുന്ന ‘കടൽ കൊട്ടാരം’. പശ്ചിമ ഫ്രാൻസിലെ സെന്റ് നസയർ ഹാർബറിലെ ഷിപ്പ്യാർഡിൽ നിന്നും എം എസ് സി വേൾഡ് യുറോപ്പയെന്ന ആഡംബര കപ്പൽ ദോഹയുടെ തീരത്തെക്ക് യാത്ര തുടങ്ങി കഴിഞ്ഞു.
ഹോട്ടലും അപ്പാർട്മെന്റുമുൾപ്പെടെയുള്ള പരമ്പരാഗത താമസ സൗകര്യങ്ങൾക്ക് പുറമെയാണ് ഖത്തർ ലോകകപ്പ് സംഘാടകർ ഒരുക്കിയ ഈ ക്രൂസ് കപ്പലും ദോഹയിലേക്കെത്തുന്നത്. കുറച്ചു വർഷങ്ങളായി ഫ്രാൻസിലെ സെന്റ് നസയർ ഷിപ്പ്യാർഡിലെ പണിപ്പുരയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഉടമസ്ഥരായ എം എസ് സി വേൽഡിന് കപ്പൽ കൈമാറിയത്. കപ്പലിന്റെ ആദ്യ ദൗത്യം ലോകകപ്പിന്റെ താമസകേന്ദ്രമാവുക എന്നതാണ്. എം എസ് സി വേൾഡ് യുറോപ്പ നവംബർ രണ്ടാം വാരത്തോടെ ദോഹ വെസ്റ്റ് ബേ ടെർമിനലിൽ കപ്പൽ നങ്കൂരമിടും. നവംബർ 13നാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക.
333 മീറ്റർ നീളവും 68 കിലോമീറ്റർ ഉയരവുമുള്ള അതി ഭീമൻ കടൽ കൊട്ടാരമാണിത്. അത്യാഡംബര സജ്ജീകരണങ്ങൾ ഉള്ളതുകൊണ്ട് തന്നെ കപ്പലിന്റെ അകം മുഴുവൻ വിസ്മയമായി അനുഭവപ്പടും. ആറ് നീന്തൽകുളങ്ങൾ, 14 വേൾ പൂളുകൾ, ബ്യൂട്ടി സലൂൺ, തെർമൽ ബാത്ത്, ബാർബർ ഷോപ്പ്, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ജിം, ബാലിനിസ് ശൈലിയിലുള്ള വെൽനെസ്സ് സെന്ററും സ്പായും. കൂടാതെ വിവിധ ഭക്ഷ്യ വിഭവങ്ങൾ ഉൾക്കൊള്ളുന്ന 13 ഡൈനിങ് ഏരിയകൾ, ബാർ, സീ പബ്, ലോഞ്ച്, സൗത്ത് ഏഷ്യൻ രീതിയിലുള്ള ടീ റൂമും എമ്പോറിയാം കോഫി ബാർ എന്നിവയും എം എസ് സി വേൾഡ് യുറോപ്പയുടെ സവിശേഷതകളാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വിനോദ പരിപാടികളും കപ്പലിൽ സജ്ജം.
ചോക്ലേറ്റുകൊണ്ടുണ്ടാക്കിയ ലോകകപ്പ് ഭാഗ്യ ചിന്ഹമായ ലഈബിന്റെ ഭീമൻ പ്രതിമയും കപ്പലിനകത്ത് കാണാൻ സാധിക്കും. പരിസ്ഥിതി സൗഹൃദ കപ്പൽ എന്നാ ബഹുമതി കൂടി ഈ കടൽ കൊട്ടാരത്തിനുണ്ട്. ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ എന്നാ റെക്കോർഡും എം എസ് സി വേൾഡ് യുറോപ്പയ്ക്ക് സ്വന്തം. ഇന്ധന സെൽ സാങ്കേതികവിദ്യ സംയോജിപ്പിച്ച ആദ്യ കപ്പൽ കൂടിയാണിത്. കാർബൺ ബഹിർഗമനം കുറച്ചും അന്തരീക്ഷ മലിനീകരണമില്ലാതെയുമാണ് കപ്പലിന്റെ സഞ്ചാരം.