കാസർകോട്: കാസർകോട് റിയാസ് മൌലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെക്കുറിച്ചുള്ള വാർത്തകൾക്ക് കമൻ്റിട്ടവർക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തയുടെ പോസ്റ്റുകൾക്ക് കീഴിൽ വർഗ്ഗീയമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെയാണ് കാസർകോട് ടൌണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ കമൻ്റിട്ടവരിൽ ഒരാളെ കണ്ടെത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി കഴിഞ്ഞു,
റിയാസ് മൌലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്നവർക്കും അതു പ്രചരിപ്പിക്കുന്നവർക്കുമെതിരെ കേസെടുക്കുമെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത്തരം വിദ്വേഷ പ്രചരണം കണ്ടെത്താനായി സൈബർ പൊലീസ് ഇന്നലെ മുതൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് നേരെ വിമർശനം ഉയർന്നിരുന്നു.