ഓസ്ട്രേലിയ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധവും യാത്രാ നിരോധനവും ഏർപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉക്രെയ്നിലെ നാല് പ്രദേശങ്ങൾ പിടിച്ചടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയ യുക്രൈനെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്നത്. റഷ്യ നിയമിച്ച 28 വിഘടനവാദികൾക്കും മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമാണ് ഉപരോധം.
ഹിതപരിശോധനയ്ക്ക് ശേഷം ഉക്രെയ്നിലെ നാല് പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാണെന്ന് പുടിൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക്, കെർസൺ, സപ്പോരിജിയ എന്നീ പ്രദേശങ്ങൾ യുക്രൈന്റെ പരമാധികാര പ്രദേശങ്ങളാണെന്ന് ഓസ്ട്രേലിയ പറഞ്ഞു.
വംശഹത്യ കൺവെൻഷൻ ലംഘിച്ചതിന് റഷ്യയ്ക്കെതിരെ യുക്രൈൻ കൊണ്ടുവന്ന കേസിനെ കാൻബെറ പിന്തുണച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇത് സംബന്ധിച്ച് കേസും ഫയൽ ചെയ്തിട്ടുണ്ട്. റഷ്യയ്ക്കെതിരായ ഈ നടപടികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കൊണ്ടുവരുന്നതിൽ യുക്രൈനൊപ്പം നിൽക്കുന്നുവെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. അറ്റോർണി ജനറൽ മാർക്ക് ഡ്രെഫസ് വോംഗുമായുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.