രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവന് അപകടാവസ്ഥയിലാണെന്ന കേസിലെ മറ്റൊരു പ്രതിയും മുരുകന്റെ ഭാര്യയുമായ നളിനി. ഇക്കാര്യം ഉന്നയിച്ച് നളിനി തമിഴ്നാട് സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. മരുകനെ പാര്‍പ്പിച്ചിരിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപില്‍ ഒട്ടും സൗകര്യങ്ങളില്ലെന്നും നേരത്തെ കഴിഞ്ഞിരുന്ന വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിനേക്കാള്‍ മോശമാണ് സാഹചര്യമെന്നും കത്തില്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മുരുകന് ക്യാംപിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് കാണിച്ചും മറ്റു ആവശ്യങ്ങള്‍ ഉന്നയിച്ചും നിരാഹാര സമരം ആരംഭിച്ചത്. മുരുകന്റെ ആരോഗ്യനില മോശമാണെന്നും ഇയാള്‍ അബോധാവസ്ഥയിലാണെന്നും ജീവന് അപകടത്തിലാണെന്നും കത്തില്‍ പറയുന്നുണ്ട്.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ മുരുകന്, നളിനി, ശാന്തന്, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ 2022 നവംബറിലാണ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതരാക്കുന്നത്. എന്നാല്‍ ശ്രീലങ്കന്‍ സ്വദേശികളായ ഇവര്‍ക്ക് പാസ്പോര്‍ട്ടോ മറ്റു യാത്രാ രേഖകളോ ഇല്ലാത്തതിനാല്‍ മുരുകന്, ശാന്തന്, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ തിരുച്ചിറപ്പള്ളിയിലെ ക്യാംപിലേക്ക് മാറ്റിയത്. എന്നാല്‍ ക്യാംപിലെ സ്ഥിതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ നേരത്തെയും സമരം ചെയ്തിരുന്നു.