ഇറാനിലെ ടെഹ്റാനിൽ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) യുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. വടക്കൻ ഇറാഖ് ആസ്ഥാനമായുള്ള സായുധരായ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പുകൾക്ക് നേരെ ഇറാൻ പീരങ്കി പ്രയോഗിച്ചതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഒരാഴ്ചയിലേറെയായി തുടരുന്ന സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ ഇറാനിയൻ ഭരണകൂടം പ്രതിസന്ധിയിലായിരിക്കുകയാണ്.
മഹ്സ അമിനിയുടെ പേരിലുള്ള പ്രതിഷേധം അടിച്ചമർത്താൻ ഇറാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. എട്ട് ദിവസമായി തുടരുന്ന സംഘർഷത്തിൽ 41 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൂടാതെ നൂറ് കണക്കിന് മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും സ്ത്രീകളുമടക്കം 700 പേർ തടങ്കലിലാണ്. പ്രതിഷേധം കനത്തതോടെ ഇറാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വാട്സാപ്പ്, സ്കൈപ്പ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റഗ്രാം തുടങ്ങിയവയ്ക്കാണ് നിയന്ത്രണം.
ഇറാഖിനോട് അതിർത്തി പങ്കിടുന്ന ഇറാന്റെ പടിഞ്ഞാറൻ കുർദിഷ് മേഖലയിൽ നിന്നുള്ളവരാണ് അമിനിയുടെ കുടുംബം. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്തിഷ്ക മരണം സംഭവിച്ച് കോമയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് 50 ലേറെ നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിക്കുകയുമായിരുന്നു.