യു എ ഇ യിൽ മൂടൽമഞ്ഞ് ശക്തമാവുന്നതിനെ തുടർന്ന് തീര പ്രദേശങ്ങളിലും ആഭ്യന്തര മേഖലകളിലും വീണ്ടും റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അൽഐൻ ദുബായ് ദിശയിലേതുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വേഗപരിധി മാറുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് നിർദേശം നൽകി. വേഗപരിധി കാണിക്കുന്ന ഇലക്ട്രോണിക് സൈൻ ബോർഡുകൾ ഡ്രൈവർമാർ ശ്രദ്ധിക്കണം.
അൽഐൻ ദുബായ് റോഡ് ( അൽ ഹിയാർ അൽ ഫഖാ ), അൽ ബദാ നഹിൽ റോഡ്, സ്വീഹാൻ റോഡ് (നഹിൽ അൽ ഹിയാർ ) എന്നിവിടങ്ങളിൽ വേഗപരിധി 80 കിലോമീറ്ററായി കുറച്ചുവെന്ന് പോലീസ് ട്വീറ്റ് ചെയ്തു.
കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടും. അതേസമയം അബുദാബിയിലും ദുബായിലും താപനില യഥാക്രമം 37 ഡിഗ്രി സെൽഷ്യസും 38 ഡിഗ്രി സെൽഷ്യസുമായിരിക്കും. അബുദാബിയിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും 27 ഡിഗ്രി സെൽഷ്യസും ആവുമെന്നും വിലയിരുത്തുന്നു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.