ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കിയ സംഭവം സ്ഥിരീകരിച്ച് ആപ്പിള്‍. എന്നാല്‍ ഏത് രാജ്യത്തിന്റെ ഭരണകൂടമാണ് ഇത്തരത്തില്‍ ചോര്‍ത്തല്‍ ശ്രമത്തിന് പിന്നില്‍ എന്ന് പറഞ്ഞിട്ടില്ലെന്നും അത് വ്യക്തമാക്കാന്‍ കഴിയില്ലെന്നും ആപ്പിള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി, മഹുവ മൊയ്ത്ര, സീതാറാം യെച്ചൂരി, ശശി തരൂര്‍ തുടങ്ങി പത്തിലേറെ പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഫോണുകള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന തരത്തിലുള്ള അലേര്‍ട്ട് ലഭിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആപ്പിളില്‍ നിന്ന് ഇവര്‍ക്ക് വന്ന സന്ദേശം. ഇത് പ്രതിപക്ഷ നേതാക്കള്‍ എക്സില്‍ പങ്കുവെക്കുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. നിങ്ങളുടെ ഫോണുകള്‍ ലക്ഷ്യമിടുന്നതിന് കാരണം നിങ്ങളുടെ വ്യക്തിത്വമോ, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴില്‍ എന്ന നിലയിലോ ആകാമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഫോണ്‍ ഹാക്ക് ചെയ്യുന്നത് വഴി, അതിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും, ക്യാമറ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുമെന്നും ആപ്പിള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആപ്പിളിനെതിരെ വലിയ വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് ആപ്പിള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. അറ്റാക്കര്‍മാര്‍ ഹാക്ക് ചെയ്യുന്ന രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ അതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല. 150 രാജ്യങ്ങളില്‍ നേരത്തെ ഇതുപോലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആപ്പിള്‍ അറിയിച്ചിരുന്നു.
