കളിയും ചിരിയുമായി കൂട്ടുകാർക്കൊപ്പം വർത്തമാനം ഒക്കെ പറഞ്ഞ് സ്കൂളിൽ പോയിരുന്ന ബാല്യം നമുക്കെല്ലാവർക്കുമുണ്ട്. ഒരിക്കൽകൂടി ആ ബാല്യം തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഓരോരോ ഇഷ്ടങ്ങൾ ആയിരുന്നു നമ്മളെ വിദ്യാലയങ്ങളിലേക്ക് അടുപ്പിച്ചതും. എന്നാൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പതിവായി സ്കൂളിൽ എത്തുന്ന ഒരു ചങ്ങാതിയുണ്ട് ജാര്‍ഖണ്ഡില്‍. ഇയാൾ ഒരു കുട്ടി കുരങ്ങനാണ്.
ഹസാരിബാഗ് ജില്ലയിലെ ദനുവ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് പതിവ് തെറ്റാതെ എന്നും മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഈ കുരങ്ങൻ ക്ലാസില്‍ എത്തുന്നത്. വിദ്യാർഥികൾക്കിടയിൽ കൗതുകമാവുകയാണ് ഈ കുരങ്ങനിപ്പോൾ. ഒരാഴ്ച മുമ്പാണ് ഈ കുരങ്ങൻ ഒമ്പതാം ക്ലാസിലെ ഫസ്റ്റ് ബെഞ്ചിൽ സ്ഥാനം പിടിച്ചത്. ആദ്യമൊക്കെ വിദ്യാര്‍ഥികള്‍ ഭയന്നെങ്കിലും ആരെയും ഉപദ്രവിക്കാത്തതിനാൽ കുട്ടികളും കുരങ്ങനെ ചങ്ങാതിയാക്കി.
രാവിലെ ഒമ്പത് മണിക്കെത്തുന്ന കുരങ്ങൻ വൈകുന്നേരമാണ് പോകുന്നതെന്നും ഹെഡ്മാസ്റ്റര് രത്തന്‍ വര്‍മ പറഞ്ഞു. ബുധനാഴ്ച കുരങ്ങന് ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി മേശപ്പുറത്ത് ഇരുന്നു. പഠനം തുടങ്ങിയപ്പോള്‍ അവന് വീണ്ടും ക്ലാസിലേക്ക് പോയി. പ്രിന്‍സിപ്പല്‍ കുരങ്ങിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങ് ക്ലാസ് മുറിയില്‍തന്നെ തുടര്‍ന്നു.
സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ കുരങ്ങിനെ പിടിച്ച് കാട്ടിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. അധ്യാപകര്‍ പറയുന്നത് കേട്ട് ശ്രദ്ധയോടെ കേള്‍ക്കുന്ന കുരങ്ങന്റെ ചിത്രം ഇതിനകം വൈറലായിട്ടുണ്ട്.