ഡൽഹി: വിവിധ മതങ്ങളും സംസ്കാരങ്ങളും സമാധാനപൂർവ്വം ഒത്തുചേരുന്ന സംഗമഭൂമിയാണ് ഇന്ത്യയെന്നും ഇസ്ലാം മതത്തിന് അതിൽ സവിശേഷസ്ഥാനമുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ. ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അജിത്ത് ഡോവൽ. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇസ്ലാമിന്റെ ആധികാരിക ആഗോള ശബ്ദവും ഇസ്ലാമിനെക്കുറിച്ച് ആഴത്തിലുള്ള ധാരണയുമുള്ള അഗാധ പണ്ഡിതനാണ് അൽ-ഇസയെന്ന് ഡോവൽ പ്രശംസിച്ചു. ഒരു മതവും ഇന്ത്യയിൽ ഒരു ഭീഷണിയും നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള “മികച്ച” ബന്ധത്തെക്കുറിച്ച് പറഞ്ഞ ഡോവൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിൻ്റെ സാംസ്കാരിക പൈതൃകത്തിലും പൊതു മൂല്യങ്ങളിലും സാമ്പത്തിക ബന്ധങ്ങളിലും വേരൂന്നിയതാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടേയും സൗദ്ദിയുടേയും നേതാക്കൾ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഭാവിയെക്കുറിച്ച് ഒരു പൊതുകാഴ്ച്ചപ്പാട് പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിലും ഇന്ത്യ അവിശ്വസനീയമായ വൈവിധ്യങ്ങളുടെ നാടാണെന്നും ഡോവൽ പറഞ്ഞു.
“നിങ്ങളുടെ (അൽ-ഇസ്സ) സംഭാഷണത്തിൽ വൈവിധ്യത്തെ നമ്മുടെ അസ്തിത്വത്തിന്റെ അടിസ്ഥാന സ്വഭാവമായി നിങ്ങൾ വിശദമായി പരാമർശിച്ചു. ഇന്ത്യ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും വംശീയതകളുടെയും ഒരു മിശ്രിതമാണ്, അത് നൂറ്റാണ്ടുകളായി സൗഹാർദ്ദപരമായി നിലനിന്നിരുന്നു. ജനാധിപ്യപരമായി മതപരവും വംശീയവും സാംസ്കാരികവുമായ സ്വത്വങ്ങൾ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ഇടം നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. അത്തരം മതവിഭാഗങ്ങൾക്കിടയിൽ, ഇസ്ലാം അഭിമാനത്തിന്റെ സവിശേഷവും പ്രധാനപ്പെട്ടതുമായ ഒരു സ്ഥാനം വഹിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ,” ഡോവൽ പറഞ്ഞു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) 33-ലധികം അംഗരാജ്യങ്ങളിലെ മുഴുവൻ മുസ്ലീംജനസംഖ്യയ്ക്ക് തുല്യമാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയെന്നും ഡോവൽ കൂട്ടിച്ചേർത്തു.