നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തർ സന്ദർശിക്കാനെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ വരവേൽപ്പ് നൽകി. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫതാഹ് അൽ സിസിയെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വരവേറ്റത്.
ഈജിപ്തും മറ്റ് മൂന്ന് ഗൾഫ് രാജ്യങ്ങളും 2017 ൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. രണ്ട് ദിവസത്തെക്കാണ് അൽ സിസി ഖത്തറിൽ എത്തിയിരിക്കുന്നത്. ഖത്തറും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധം, വിവിധ മേഖലകളിലെ വാണിജ്യ ഇടപാടുകൾ, ഉഭയകക്ഷിബന്ധം, നിക്ഷേപം, ഊർജം, ഭക്ഷ്യസഹകരണം തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിന്റെ ഭാഗമായി ചർച്ചചെയ്യും.
ഉപപ്രധാന മന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അമിരിദി ദിവാൻ മേധാവി ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, വാണിജ്യ -വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, ഈജിപ്തിലെ ഖത്തർ അംബാസിഡർ സാലിം ബിൻ മുബാറക് അൽ ഷാഫി,ഖത്തറിലെ ഈജിപ്ഷ്യൻ അംബാസിഡർ അമീർ അൽ ഷെർബിനി എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.