എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. എം.വി ഗോവിന്ദന് കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാകും രാജേഷും കൈകാര്യം ചെയ്യുക.
എസ്എഫ്ഐ, ഡിവൈഎഫ് എന്നീ പ്രസ്ഥാനത്തിലൂടെയായിരുന്നു എംബി രാജേഷ് രാഷ്ട്രീയത്തിലെത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.
പാർലമെൻറിൽ പത്തു വർഷം പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എം ബി രാജേഷ്, മികച്ച പാർലമെൻ്റേറിയൻ എന്ന നിലയിൽ മികവ് തെളിയിച്ച ആളാണ്. വിഷയങ്ങൾ പഠിച്ച് ഇടപെടുക എന്നതാണ് എം ബി രാജേഷിൻ്റെ ശൈലി. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.
തൃത്താല മണ്ഡലത്തിൽ നിന്നുമാണ് എംഎൽഎ ആയി എത്തിയത്. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.