ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി അന്വേഷണസംഘം. ഏതാണ്ട് 20-22 മണിക്കൂർ വരെ ദുർഘടമായ പർവ്വത പാതയിലൂടെ ട്രക്കിംഗ് നടത്തിയാണ് ഭീകരർ പെഹൽഗാമിൽ എത്തിയത് എന്നാണ് അന്വേഷണ ഏജൻസികളുടെ പുതിയ കണ്ടെത്തൽ. കൊകർനാഗ് വനത്തിൽ നിന്നുമാണ് ഇത്രയും ദൂരം താണ്ടി തീവ്രവാദികൾ പെഹൽഗാമിൽ എത്തിയത്. പെഹൽഗാമിനോട് ചേർന്നുള്ള വനമേഖലയിൽ പ്രാദേശിക സഹായത്തോടെ ഒളിവിൽ താമസിക്കുകയായിരുന്നു ഭീകരർ എന്ന സംശയം ഇതോടെ ഇല്ലാതായി.
പഹൽഗാമിൽ നടത്തിയ ആക്രമണത്തിനിടെ ഒരു പ്രദേശവാസിയിൽ നിന്നും വിനോദസഞ്ചാരിയിൽ നിന്നും ഭീകരർ മൊബൈൽ ഫോണ് പിടിച്ചെടുത്തതായും വിവരമുണ്ട്. ആകെ നാല് പേരാണ് ഭീകരസംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളും ഒരു കശ്മീരിയായ ആദിൽ തോക്കറുമാണ്.
2018-ൽ നാടും വീടും ഉപേക്ഷിച്ച് ഹിസ്ബുൾ മുജാഹീദിനീൽ ചേർന്ന ആദിൽ തോക്കർ പാകിസ്ഥാനിൽ പോയി പരിശീലനം നേടിയെന്നാണ് വിവരം. ലഷ്കർ ഇ തൊയ്ബ ക്യാംപിൽ ഉണ്ടായിരുന്ന ഇയാൾ പാക് ഭീകരർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുത്തു. പാക് ഭീകരർ പ്രദേശത്ത് ഗൈഡായി പ്രവർത്തിച്ചതും ഇയാളാണ്. എകെ 47, എം ഫോർ തോക്കുകൾ ഉപയോഗിച്ചാണ് ഭീകരർ വിനോദസഞ്ചാരികളെ വെടിവെച്ചു കൊന്നത്.
പഹൽഗാമിലെ കടകൾക്ക് പിന്നിൽ നിന്നുമാണ് വിനോദസഞ്ചാരികൾക്ക് അടുത്തേക്ക് ഭീകരർ എത്തിയത്. സഞ്ചാരികളോട് കൽമ ചൊല്ലാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ആക്രമണം. നാല് പേരെ തൊട്ടടുത്ത് നിന്നും ഇവർ വെടിവച്ചു വീഴ്ത്തി. ഇതോടെ പരിഭ്രാന്തരായ സഞ്ചാരികൾ പ്രാണരക്ഷാർത്ഥം ഓടാൻ ആരംഭിച്ചു. അപ്പോഴാണ് ഒളിച്ചിരുന്ന മറ്റു രണ്ട് ഭീകരർ സിപ് ലൈനിന് സമീപം നിന്ന് ബാക്കിയുള്ളവരെ വെടിവച്ചത്. ഇങ്ങനെയാണ് 26 പേർ കൊല്ലപ്പെട്ടത്.
അതേസമയം അന്വേഷത്തിൽ വഴിത്തിരിവായ ദൃശ്യങ്ങൾ സുരക്ഷാസേനയ്ക്ക് ലഭിച്ചു. പഹൽഗാമിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്യുന്ന ഒരുപ്രദേശവാസിയാണ് ഈ അക്രമദൃശ്യങ്ങൾ പകർത്തിയത്. അക്രമമുണ്ടായതോടെ അടുത്തുണ്ടായിരുന്ന ഒരു മരത്തിന് മുകളിലേക്ക് കയറിയ ഇയാൾ അവിടെയിരുന്ന ഭീകരരുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. അക്രമണത്തിൻ്റെ തീവ്രത വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ഏറെ സഹായകരമായിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം കേസിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ച എൻഐഎ സംഘം ദൃക്സാക്ഷികളിൽ നിന്നും മൊഴിയെടുക്കാൻ ആരംഭിച്ചു. തീവ്രവാദികൾ എത്തിയ വഴിയും രക്ഷപ്പെട്ട വഴിയും കണ്ടെത്താനാണ് എൻഐഎയുടെ ആദ്യശ്രമം.