കണ്ണഞ്ചിക്കുന്ന കാഴ്ചകളും വിനോദങ്ങളും നിറച്ച വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവവുമായി ദുബായിയിൽ ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു. 27 പവിലിയനുകളുമായാണ് ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസൺ ഒക്ടോബർ 25ന് ആരംഭിക്കും. വ്യത്യസ്ഥമായ കാഴ്ച അനുഭവങ്ങൾ സമ്മാനിച്ച മുൻ സീസണുകൾ പോലെ തന്നെ ആകർഷകമായിരിക്കും ഇക്കുറിയും ഗ്ലോബൽ വില്ലേജ്.
ലോക രാജ്യങ്ങളുടെ സമന്വയ വേദിയാണ് ഗ്ലോബൽ വില്ലേജ്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റെയ്ൻ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക, അമേരിക്ക, ചൈന, ഈജിപ്ത്, യൂറോപ്പ്, ഇന്ത്യ, ഇറാൻ, ഒമാൻ, ജപ്പാൻ, സൗത്ത് കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, പലസ്തീൻ, സിറിയ, തായ്ലാന്റ്, തുർക്കി, യമെൻ, റഷ്യ എന്നീ രാജ്യങ്ങളുടേയും അൽ സനാ, അൽ ഖലീഫാ ഫൗണ്ടേഷനുകളുടേയും പവലിയനുകളാണ് ഒരുങ്ങുന്നത്.
ഇത്തവണ ഗ്ലോബൽ വില്ലേജിന്റെ മാറ്റുകൂട്ടുക ഏഷ്യൻ രാജ്യങ്ങളുടെ വൈവിധ്യവും സംസ്കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന ‘റോഡ് ഓഫ് ഏഷ്യ’ എന്ന ആശയത്തിലൂടെയാവും. 27-ാം സീസൺ 2022 ഒക്ടോബർ 25ന് തുടങ്ങി 2023 ഏപ്രിലിൽ അവസാനിക്കും. 78 ലക്ഷം പേർ കഴിഞ്ഞ സീസണിൽ സന്ദർശകരായി ഗ്ലോബൽ വില്ലേജിലെത്തിയിരുന്നു.