ദില്ലി : ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്ത സംഭവത്തിൽ സുപ്രീം കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. ഇത്രയും കോളിളക്കം സൃഷ്ടിച്ച സംഭവമായിട്ടും ജഡ്ജി യശ്വന്ത് വർമ്മയെ സ്ഥലം മാറ്റിയതല്ലാതെ വേറെന്തെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി കൊളീജിയം പരിഗണിക്കും, തുടർന്നാവും നടപടി പ്രഖ്യാപിക്കുക. ഇന്നലെ രാത്രി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാദ്ധ്യായ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്.
പണം കണ്ടെത്തിയെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ദില്ലി പൊലീസിൽ നിന്നടക്കം ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ജഡ്ജി വെർമ്മയുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ജഡ്ജിക്കെതിരെ പരാമർശമുണ്ടെങ്കിൽ റിപ്പോർട്ട് അടിസ്ഥാനമാക്കി സുപ്രീംകോടതി ജസ്റ്റിസ് വർമ്മയോട് രാജി ആവശ്യപ്പെടും വർമ്മ രാജിവയ്ക്കാത്ത പക്ഷം മൂന്നംഗ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുകയും ഇംപീച്ച്മെൻ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്യും.
കൊളീജീയത്തിലെ രണ്ട് ജഡ്ജിമാർ നിലവിൽ മണിപ്പൂർ സന്ദർശനത്തിലാണ് ഇവർ തിരിച്ചെത്തുന്നതോടെ തുടർനടപടികൾ വേഗത്തിലാക്കും. ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയില്ലെന്ന് ഫയർഫോഴ്സ് മേധാവി വിശദീകരിച്ചെങ്കിലും ദില്ലി പൊലീസ് ചില തെളിവുകൾ കോടതിക്ക് നല്കിയിട്ടുണ്ട്. പൊലീസ് നല്കിയ വിഡിയോ ദൃശ്യങ്ങൾ കൊളീജിയം പരിശോധിച്ചുവെന്നാണ് സൂചന. തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരാണ് പരിശോധന നടത്തിയത്.
അതേസമയം യുപിയിലെ ഒരു പഞ്ചസാര ഫാക്ടറിക്കെതിരെ സിബിഐ എടുത്ത വായ്പ തട്ടിപ്പ് കേസിൽ ഫാക്ടറിയുടെ നോൺ ഏക്സീക്യൂട്ടീവ് ഡയറക്ടറായിരുന്ന ജ.യശ്വന്ത് വെർമ്മെക്കെതിരെ 2018ൽ കേസ് എടുത്തിരുന്നതായി വാർത്തയുണ്ട്. ജഡ്ജിയായതിനാൽ ജസ്റ്റിസ് വർമ്മയെ പിന്നീട് കേസിൽ നിന്നും ഒഴിവാക്കിയെന്നാണ് സൂചന.