അറബ് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ഈജിപ്റ്റിലെ മെർസാ മാതൃഹ് ഗവർണറേറ്റില്‍ സാഹോദര്യ കൂടിയാലോചനാ യോഗം ചേര്‍ന്നു. വിശ്വാസം, പരസ്പര ബഹുമാനം, പൊതുതാൽപ്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിവിധ തലങ്ങളിൽ സമാധാനം, സ്ഥിരത, സംയുക്ത സഹകരണം എന്നിവ വർധിപ്പിക്കാൻ യോഗത്തില്‍ തീരുമാനമായി.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസി വിളിച്ചുചേർത്ത സാഹോദര്യ കൂടിയാലോചനാ യോഗത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരും പങ്കെടുത്തു.
അറബ് മേഖല നേരിടുന്ന ഏറ്റവും പുതിയ പ്രാദേശിക വിഷയങ്ങളും, അന്തർദേശീയ സംഭവ വികാസങ്ങളും അവലോകനം ചെയ്തു. സഹകരണത്തിന്റെ വിവിധ വശങ്ങൾ, സംയുക്ത പ്രവർത്തനങ്ങൾ, സാമ്പത്തിക, വികസന പങ്കാളിത്തം തുടങ്ങി മേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസനതാത്പര്യങ്ങൾ ലക്ഷ്യമിട്ടുമുള്ള ഏതൊരു ശ്രമത്തിനും നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു.
മന്ത്രിമാരും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിന്റെ ഭാഗമായി. തുടർച്ചയായ സാഹോദര്യ കൂടിയാലോചനകളോടുള്ള തങ്ങളുടെ താൽപര്യവും നേതാക്കൾ പങ്കുവച്ചു.