പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘തീർപ്പ്’ സിനിമ ഓസ്ട്രേലിയയിലും, ന്യൂസിലാന്റിലും പ്രദർശനത്തിനെത്തുന്നു. ആഗസ്റ്റ് 25 മുതലാണ് ചിത്രമെത്തുക. നന്മ സിനിമാസ്, പ്ലെയ് ഫിലിംസ്, മാക്സ് മൂവീസ്, ഐൻസ് മൂവീസ്, ബ്രിസ്ബൻ എന്റർടൈന്മെന്റ് എന്നിവർ ചേർന്നാണ് ചിത്രം ഓസ്ട്രേലിയയിലും, ന്യൂസിലാന്റിലും പ്രദർശനത്തിനെത്തിക്കുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം രതീഷ് അമ്പാട്ടാണ്. പൂർണ്ണമായും ത്രില്ലർ രൂപത്തിലുള്ള ചിത്രം കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്ന സൂചന. കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
മുരളി ഗോപിയാണ് തിരക്കഥയും ഗാനരചനയും സംഗീതസംവിധാനവും ചെയ്യുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, കെ എസ് സുനിൽ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിദ്ദിഖ്, ലുക്മാൻ, ഇഷാ തൽവർ, അലൻസിയർ, ശീകാന്ത് മുരളി, അവറാൻ ഹന്നാറെജി കോശി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.