ഹൈദാരാബാദ്: തീയേറ്ററിലെ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നടൻ അല്ലു അർജ്ജുനെ അറസ്റ്റ് ചെയ്ത് ഹൈദാരാബാദ് പൊലീസ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ചികാട്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഹൈദരാബാദ് ജൂബിലി ഹിൽസിലെ അല്ലു അർജ്ജുൻ്റെ വീട്ടിലെത്തി താരത്തെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് നമ്പള്ളി കോടതിയിൽ ഹാജരാക്കിയത്.
അല്ലു അർജ്ജുനെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ പൊലീസിൽ ആവശ്യപ്പെട്ടു. അല്ലുവിൻ്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യത്തിനായി വാദിച്ചെങ്കിലും വാദം തള്ളി കോടതി നടനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇതോടെ ജാമ്യഹർജിയുമായി അല്ലു അർജ്ജുൻ്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലിൽ തെലങ്കാന കോടതിയിൽ ഇപ്പോൾ വാദം തുടുരകയാണ്.
അല്ലു അർജ്ജുൻ അടക്കമുള്ള താരങ്ങളോട് തീയേറ്ററർ സന്ദർശിക്കരുതെന്നും ആരാധകരെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും നേരത്തെ അറിയിച്ചിരുന്നുവെന്ന് വാദത്തിനിടെ സർക്കാർ കോടതിയിൽ പറഞ്ഞു. ഇതിനുള്ള തെളിവ് എവിടെയെന്ന് കോടതി പൊലീസിനോട് ചോദിച്ചു. അല്ലു അർജുനെതിരെ തെളിവുകളുണ്ടെന്നും അത് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.
നേരത്തെ 2017-ൽ റയീസ് എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ഡൽഹിയിൽ നിന്നും ഗുജറാത്തിലെ വഡോദര വരെ ട്രെയിനിൽ സഞ്ചരിച്ച് ഷാറൂഖ് ഖാനെ കാണാൻ ആളുകൾ തടിച്ചു കൂടുകയും ട്രയിനിൽ നിന്നും ഷാറൂഖ് എടുത്തെറിഞ്ഞ ടീഷർട്ടും മറ്റു വസ്തുകളും കൈക്കലാക്കാൻ ആളുകൾ തിക്കിതിരക്കിയതിനെ തുടർന്ന് വഡോദരയിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ ഈ സംഭവം അല്ലുവിൻ്റെ അഭിഭാഷകൻ കോടതി മുൻപാകെ ഉന്നയിച്ചു. അന്ന് പൊലീസ് ഷാറൂഖിനെതിരെ കേസെടുത്തെങ്കിലും ഗുജറാത്ത് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ അപകടം നടക്കുന്ന സമയത്ത് മരണപ്പെട്ട യുവതി താഴത്തെ നിലയിലും അല്ലു അർജ്ജുൻ മുകളിലെ നിലയിലുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി,
അതേസമയം അല്ലുവിൻ്റെ അറസ്റ്റിൽ നിയമം അതിൻ്റെ വഴിക്ക് പോകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. അറസ്റ്റ് വാർത്തയ്ക്ക് പിന്നാലെ അല്ലു അർജ്ജുവിൻ്റെ അമ്മാവൻമാരായ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്ല്യാണും അല്ലുവിൻ്റെ വീട്ടിലെത്തിയിട്ടുണ്ട്.