തിരുവനന്തപുരം: വേനൽക്കാലം തുടങ്ങും മുൻപേ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഇന്നും നാളെയും (ഫെബ്രുവരി 26 & 27 ) അഞ്ച് ജില്ലകളിൽ താപനില ഉയർന്ന നിലയിൽ തുടരും. കൊല്ലം,ആലപ്പുഴ,കോട്ടയം ,പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയെത്തും എന്നാണ് പ്രവചനം.
തിരുവനന്തപുരം എറണാകുളം, തൃശൂർ,കണ്ണൂർ ജില്ലകളിൽ 36°c വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ചൂട് കൂടുന്ന സാഹചര്യത്തിൽ നിർജലീകരണത്തിനെതിരെ ജാഗ്രത പാലിക്കണം. ദാഹിക്കുന്നില്ലെങ്കിലും പരമാവധി വെള്ളം കുടിക്കണം. പകൽ മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നതും ഒഴിവാക്കണം. നിർജലീകരണം കൂടുന്ന കാർബണേറ്റഡ് ശീതളപാനീയങ്ങൾ, ചായ , കാപ്പി എന്നിവ പകൽ സമയത്ത് ഒഴിവാക്കാവുന്നതാണ്.