ഷാർജ: കഴിഞ്ഞ അഞ്ച് മാസം മകനെ തിരഞ്ഞ് നടക്കുമ്പോഴും സുരേഷിന് മകൻ ജിത്തുവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. “എൻറെ മകൻ ഹാപ്പി ആയിരുന്നു,ബിസിനസ് തകർച്ചയിൽ നിരാശ ഉണ്ടായിരിക്കാം പക്ഷേ ജീവനെടുക്കാൻ അതൊരു കാരണമല്ല” മരണവാർത്തയറിഞ്ഞ് തൃശൂർ മാള കുഴൂർ സ്വദേശി സുരേഷിൻറെ വാക്കുകളിൽ പ്രതീക്ഷ അറ്റു പോയിരുന്നു.5 മാസമായി ഷാർജയിൽ നിന്ന് കാണാതായ മകൻ ജിത്തു സുരേഷ് (28)നെ അന്വേഷിച്ച് വിവിധ എമിറേറ്റുകളിൽ അലയുകയായിരുന്നു സുരേഷ്. അബുദാബിയിൽ ജോലിചെയ്തു വരികയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഷാർജ പോലീസ് മകൻ മരിച്ച വിവരം അറിയിച്ചത്.
3 മാസത്തിൽ കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ അജ്ഞാത മൃതദേഹമായി കണ്ട് സംസ്കരിച്ചിരുന്നു. ഇതിനെ തുടർന്ന് ജിത്തുവിൻറെയും സുരേഷിൻറെയും ഡിഎൻഎ പരിശോധിച്ചാണ് ആളെ പോലീസ് തിരിച്ചറിഞ്ഞത്. കാണാതായി 10 ദിവസം കഴിഞ്ഞ് ഷാർജ കോർണിഷിലെ അടച്ച ഹോട്ടലിൻറെ സ്റ്റെയർകെയിസിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് അറിയിച്ചു.
ഷാർജയിൽ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്ന ജിത്തുവിനെ കഴിഞ്ഞ മാർച്ച് 10നാണ് കാണാതായത്. മകനെ കണ്ടെത്താൻ അധികൃതരും ബന്ധുക്കളും സുഹൃത്തുക്കളും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.
ബിബിഎ എയർപോർട് മാനേജ്മെൻറ് ബിരുദമുളള ജിത്തു കോവിഡിനു ശേഷമാണ് യു.എ.ഇയിൽ എത്തുന്നത്. അച്ഛൻ സുരേഷിൻറെ പങ്കാളിതത്തിലുളള ബിസിനസിൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് കൂട്ടുകാരുടെ ക്ഷണം സ്വീകരിച്ചാണ് ജിത്തു അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് മാറിയത്.
ഇത്തിസലാത്തിൻറെ കരാറെടുത്ത് ചെയ്യുന്ന ഒരു കമ്പനിയിലായിൽ ജോലിചെയ്തു വരികയായിരുന്നു.
പതിവുപോതെ താമസസ്ഥലത്തുനിന്ന് ജോലിക്ക് പോയ ജിത്തുവിനെ പിന്നീട് കാണാതാവുകയായിരുന്നു. 3 ദിവസങ്ങൾക്കു ശേഷമാണ് ജിത്തുവിനെ കാണാനില്ലെന്ന വിവരം സുരേഷിന് ലഭിക്കുന്നത്. ഷാർജ അൽ ഗർബ പോലീസിലും കോൺസുലേറ്റിലും പരാതി നൽകിയെങ്കിലും നിരാശയായിരുന്നു.
20 വർഷമായി അബുദാബിയിലെ പ്രമുഖ ഹോട്ടലിൽ ട്രാൻസ്പോർട്ട് സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷിൻറെ 2 മക്കളിൽ മൂത്ത മകനാണ് ജിത്തു. എറണാകുളത്ത് ഓപ്റ്റോമെട്രിസ്റ്റാണ് സഹോദരി അമൃത സീന ആണ് ജിത്തുവിൻറെ മാതാവ്.