റിയാദ്: സൗദി അറേബ്യയിലെ വൻകിട കമ്പനിയായ നൂണിൻറെ സിഇഒയും നംഷിയുടെ സഹസ്ഥാപകനുമായ ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം. 2012-ലാണ് ഓൺലൈൻ ഫാഷൻ റീട്ടെയിലർ സ്ഥാപനമായ നംഷി സ്ഥാപിച്ചത്.പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിൻറെ ഭാഗമായുള്ള പദ്ധതി വഴിയാണ് ഫറാസ് ഖാലിദിന് പൗരത്വം നൽകാൻ റോയൽ കോർട്ട് തീരുമാനിച്ചത്.
നിലവിൽ ഡോക്ടർമാർ, ശാസ്ത്രഞ്ജർ,ഗവേഷകർ,സംരഭകർ, വിവിധ മേഖലകളിലെ പ്രതിഭകൾ എന്നിവർക്കാണ് പൗരത്വം നൽകാൻ റോയൽ കോർട്ട് തീരുമാനിച്ചിരിക്കുന്നത്.പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ കോളജിൽനിന്ന് സംരംഭകത്വ മാനേജ്മെന്റിൽ എംബിഎ നേടിയ വ്യക്തിയാണ് ഫറാസ് ഖാലിദ്.
ചികിത്സാ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്ന ഹെവല്യൂഷൻ ഫൗണ്ടേഷൻ സിഇഒയും അമേരിക്കൻ പൗരനുമായ മഹ്മൂദ് ഖാൻ, സിംഗപ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എൻജിനീയങ് ആൻഡ് നാനോ ടെക്നോളജി സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ടറായി 2003 മുതൽ 2018 വരെ സേവനമനുഷ്ഠിച്ച അമേരിക്കൻ ശാസ്ത്രജ്ഞ ജാക്കി യി റു യിംഗ്, ലെബനീസ് ശാസ്ത്രജ്ഞയായ നെവിൻ ഖശാബ്, 1995 ൽ മോണ്ട്പെല്ലിയർ സർവകാലാശാലയിൽ നിന്ന് മെംബ്രൺ വേർതിരിക്കൽ സാങ്കേതികവിദ്യയിൽ ഡോക്ടറേറ്റ് നേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായ നൂറുദ്ദീൻ ഗഫൂർ, എംബിസി ഈജിപ്ത് ചാനൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുൽമുഅ്താൽ എന്നിവർക്കും പൗരത്വം നൽകി.