ദുബായ്: റോഡുകളിൽ ട്രാഫിക് ചട്ടലംഘനം നടത്തുന്നവരെ കണ്ടെത്താൻ നിശബ്ദ റഡാറുമായി ദുബായ് പൊലീസ് രംഗത്ത്. പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് ഡ്രൈവർമാർ നിയമലംഘനങ്ങൾ നടത്തുന്നതായ വിവരം ലഭിച്ചതിനു പിറകെയാണ് തീരുമാനം. റെസിഡൻഷ്യൽ മേഖലകളിൽ നിരീക്ഷണം ഉണ്ടാകില്ല എന്ന ധാരണയിൽ പലരും ട്രാഫിക് ചട്ടങ്ങൾ പാലിക്കാതെ ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ദുബായ് പൊലീസിൻ്റെ പുതിയ നടപടി.
നിസ്സാര നിയമലംഘനം മുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ വരെ ഈ രീതിയിൽ അരങ്ങേറുന്നുവെന്ന് പൊലീസ് പറയുന്നു. അമിതവേഗത, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിംഗ്, ഫോൺ ഉപയോഗം, അനധികൃത യു ടേൺ അടക്കം എല്ലാ ട്രാഫിക് ചട്ടലംഘനങ്ങളും പുതിയ റഡാറിൽ പതിയും എന്നാണ് ദുബായ് പൊലീസ് പറയുന്നത്.
ട്രാഫിക്ക് ലംഘനം പോലെ ഫ്ളാഷ് ലൈറ്റുകൾ ഇല്ലാത്തതിനാൽ പിഴ അടയ്ക്കാൻ ഫോണിൽ സന്ദേശം കിട്ടുമ്പോൾ മാത്രമായിരിക്കും ഡ്രൈവർ വിവരം അറിയുക. നിശബ്ദ റഡാറുകൾ എവിടെയാണ് സ്ഥാപിക്കുന്നതെന്നോ ഏതുവരെ റഡാർ പരിതി ഉണ്ടാകുമെന്നോ ദുബായ് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഡ്രൈവർമാർ ഏതുസമയവും ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ സുരക്ഷിതത്വം ഉറപ്പാക്കാനുമാണെന്നും ദുബായ് പൊലീസ് ഓർമപ്പെടുത്തുന്നു.