റിലീസ് ചെയ്യാന്‍ കുറച്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കുഞ്ചമണ്‍ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ‘ഭ്രമയുഗം’ സിനിമ തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും അതിനാല്‍ ചിത്രത്തിനനുവദിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും പ്രദര്‍ശനാനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ചമണ്‍ കുടുംബാംഗം പി.എം.ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഭ്രമയുഗത്തിന്റെ നിര്‍മ്മാതാക്കള്‍. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘കൊടുമോണ്‍ പോറ്റി’യെന്നാക്കാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇക്കാര്യത്തില്‍ നാളെ മറുപടി നല്കാന് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 15നാണ് രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്.