തൃപ്പൂണിത്തുറയില്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നടുങ്ങി നാട്. സ്ഫോടനത്തില്‍ 50ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. തൊട്ടടുത്തുള്ള പല വീടുകള്‍ക്കും സാരമായി കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചില വീടുകളുടെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയും വാഹനങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഉത്സവത്തിനായെത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. അതേസമയം പടക്കം ശേഖരിക്കാന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് വ്യക്തമാക്കുന്നു. അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും കളക്ടര്‍ അറിയിക്കുന്നു. അനുമതിയില്ലാതെയാണ് പടക്കം ശേഖരിച്ചതെന്ന് ഫയര്‍ഫോഴ്സും അറിയിക്കുന്നു.
16 പേര്‍ക്കോളം പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയ ഒരാള്‍ മരിക്കുകയും ചെയ്തു. വിഷ്ണു എന്നയാളാണ് മരിച്ചത്.
പാലക്കാട് നിന്നാണ് പടക്കം കൊണ്ടുവന്നത്. ടെബോ ട്രാവലറില്‍ നിന്ന് ഇറക്കി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ട്രാവലര്‍ ജീവനക്കാണ് ഗുരുതരമായി പരിക്കേറ്റത്. ട്രാവലറും സമീപത്തുണ്ടായ കാറും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സമീപത്തെ കടകിലേക്കും തീപടര്‍ന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.