66-ാമത് ഗ്രാമി പുരസ്കാരത്തില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബത്തിനാണ് ലഭിച്ചത്. ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്, തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്, ഗായകന് ശങ്കര്‍ മഹാദേവന്, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്നതാണ് ‘ദിസ് മൊമന്റ്’.
സംഗീത സംവിധായകനും ഗ്രാമി പുരസ്കാര ജേതാവുമായ റിക്കി കെജാണ് ഇക്കാര്യം ആദ്യം പങ്കുവെച്ചത്. ഇന്ത്യ എല്ലാ തരത്തിലും തിളങ്ങുന്നതില്‍ അഭിമാനമുണ്ടെന്നും നാല് പേര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും റിക്കി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘ദൈവത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി. ഇന്ത്യയെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ പുരസ്കാരം ഭാര്യയ്ക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാണ് ശങ്കര്‍ മഹാദേവന് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-നാണ് ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം പുറത്തിറങ്ങിയത്. എട്ടു ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.