തൃശൂര്‍ കൊരട്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ യാത്രയപ്പ് യോഗത്തില്‍ സംസാരിച്ച് നിര്‍ത്തിയതിന് പിന്നാലെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. എല്‍എഫ്സി എച് എസ്എസിലെ ഗണിത അധ്യാപികയായ രമ്യാ ജോസ് ആണ് മരിച്ചത്. 41 വയസായിരുന്നു. പ്ലസ് ടു സയന്‍സ് ക്ലാസുകള്‍ അവസാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ യാത്രയയപ്പ് പരിപാടിയില്‍ സംസാരിച്ച് കഴിഞ്ഞ് കസേരയില്‍ ഇരുന്ന ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
‘ജീവിതത്തില്‍ ശരിയും തെറ്റും സ്വയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയണം. തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ആരും ചിലപ്പോള്‍ തിരുത്താനുണ്ടാകില്ല. ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീര് വീഴ്ത്താന്‍ ഇടവരുത്തരുത്. അവസാനമായി എനിക്ക് ഇതാണ് നിങ്ങളോട് പറയാനുള്ളത്,’ എന്ന് പറഞ്ഞായിരുന്നു അധ്യാപിക യാത്രയയപ്പ് പ്രസംഗം അവസാനിപ്പിച്ചത്. കുഴഞ്ഞു വീണ ഉടനെ തന്നെ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സ്കൂള്‍ വാര്‍ഷിക ആഘോഷത്തിനിടെയും ഇവര്‍ കുഴഞ്ഞു വീണിരുന്നു. എന്നാല്‍ അന്ന് അത്ര അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം വൈകിട്ട് അഞ്ചിന് നെടുമ്പാശ്ശേരി അകപ്പറമ്പ് പള്ളിയില്‍ വെച്ച് നടക്കും.
ഹൈക്കോടതി അഭിഭാഷകന് മരട് ചൊവ്വാറ്റുകന്നേല് ജോസ്-മേരി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: അങ്കമാലി വാപ്പാലശ്ശേരി പയ്യപ്പിള്ളി കൊളുവന്‍ ഫിനോബ്. മക്കള്‍ നേഹ, നോറ.