മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരത്തിനു വേണ്ടി ഇന്ത്യയില്‍ നിന്നും പരിഗണിച്ച ‘2018 എവരിവണ്‍ ഈസ് ഹീറോ’ എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. ഓസ്കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് 2018ന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വെള്ളപ്പൊക്കവും, കടല്‍ക്ഷോഭവും, എയര്‍ ലിഫ്റ്റും ഉള്‍പ്പടെ ചിത്രത്തിലെ സുപ്രധാന രംഗങ്ങളുടെ ഷൂട്ടിങ് അനുഭവം ജൂഡ് വിഡിയോയില്‍ വ്യക്തമാക്കി.
ജൂഡ് ആന്റണി പറഞ്ഞത് :
രണ്ടേക്കര്‍ സ്ഥലത്ത് പണിത വലിയ ടാങ്കിലായിരുന്നു വെള്ളപ്പൊക്കം ചിത്രീകരിച്ചത്. വെള്ളം കയറി വരുന്നത് ചിത്രീകരിക്കാന്‍ ടാങ്കിലേക്ക് കൂടുതല്‍ വെള്ളം കയറ്റി വിടാതെ വീടുകളുടെ ഉയരം കുറച്ചുകൊണ്ടാണ് അതേ ഇഫക്ട് സാധ്യമാക്കിയത്. കടല്‍ക്ഷോഭവും തിരമാലകളും സൃഷ്ടിക്കാന്‍ ആശ്രയിച്ചത് വലിയ യന്ത്രങ്ങളെയല്ല, മനുഷ്യരെയാണ്. പത്തും പതിനഞ്ചും ആളുകള്‍ ടാങ്കിലിറങ്ങി ബോട്ടില്‍ പ്രത്യേകം ബന്ധിപ്പിച്ചു ചേര്‍ത്ത കമ്പികള്‍ കുലുക്കിയാണ് ആ ഇഫക്ട് വരുത്തിയത്.
ഒരു ബോട്ടിനു ചുറ്റും പത്തു പതിനഞ്ചു പേരെങ്കിലും കുലുക്കാന്‍ കാണും. ആര്‍ട് ഡയറക്ടറും സംവിധാന സഹായികളുമെല്ലാം അതിനായി വെള്ളത്തിലിറങ്ങി. കൂറ്റന്‍ തിരകളുണ്ടാക്കാന്‍ ജെ.സി.ബി ഉപയോഗപ്പെടുത്തുകയായിരുന്നു. ആ സീക്വന്‍സിന്റെ സ്റ്റോറി ബോര്‍ഡ് പ്രിന്റൗട്ട് എടുത്ത് സെറ്റില്‍ പ്രദര്‍ശിപ്പിച്ചു. ഓരോ ഷോട്ടും എടുത്തു തീരുന്നതിന് അനുസരിച്ച് ബോര്‍ഡില്‍ നിന്ന് ഓരോ ഫോട്ടോയും എടുത്തു നീക്കി. കയ്യടികളോടെയാണ് ഓരോ ഷോട്ടും പൂര്‍ത്തിയാക്കിയിരുന്നത്.