പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്ക്കെതിരെ മാര്‍ത്താമ്മ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസിന്റെ വിമര്‍ശനം. മണിപ്പൂര്‍ വിഷയം ധൈര്യത്തോടെ പറയേണ്ടവരോട് പറയേണ്ട പോലെ പറയേണ്ടതാണെന്നും അങ്ങനെ പറഞ്ഞില്ലെങ്കില്‍ അതില്‍ വിട്ടുവീഴ്ച ചെയ്തു എന്നാണ് അര്‍ത്ഥമെന്നും എബ്രഹാം മാര്‍ പൗലോസ് പറഞ്ഞു.
‘മണിപ്പൂര്‍ പോലെയുള്ളത് നിരന്തരമായി നടക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ ധൈര്യത്തോടെ പറയാന്‍ കഴിയണം. ഡല്‍ഹിയില്‍ ക്രിസ്തുമസ് വിരുന്ന് മനോഹരമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നുവെന്നും അത് ഉത്തരാവദിത്തപ്പെട്ടവര് പ്രസംഗത്തില്‍ പറയണമായിരുന്നു. മണിപ്പൂര്‍ ജനത കൊലചെയ്യപ്പെടുമ്പോള്‍ നമ്മുടെ നാവ് അടങ്ങിപോയെങ്കില് നമ്മള് സൗകര്യാര്‍ത്ഥം വിട്ടുവീഴ്ച ചെയ്യുകയാണ്. അതില്‍ നിന്ന് സഭ വിട്ടു നില്‍ക്കണം. ഭാരതത്തിന്റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ സമൂഹം മാറണം,’ എബ്രഹാം മാര്‍ പൗലോസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര് മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കാതിരുന്നതില് വിമര്‍ശനവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. പ്രാധനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോള്‍ ബാക്കിയുള്ള കാര്യങ്ങള്‍ മറന്നുപോയെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ഭാഷ ശരയില്ലെന്ന് ചൂണ്ടിക്കാട്ടി സജി ചെറിയാനെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ രോമാഞ്ചം, മുന്തിരിവാറ്റ്, കേക്ക് എന്നീ പദങ്ങള്‍ പിന്‍വലിച്ചിരുന്നു.