എമ്പുരാന് എന്ന ചിത്രത്തിന്റെ കാതല്‍ കേരളത്തില്‍ നടക്കുന്ന കേരള രാഷ്ട്രീയം പറയുന്ന കഥയാണെന്ന് നടന് പൃഥ്വിരാജ്. സലാറിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
പൃഥ്വിരാജ് പറഞ്ഞത് :
ഇന്നത്തെ കാലത്ത് ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍, പ്രത്യേകിച്ച് ഒരു വലിയ സിനിമ ചെയ്യുമ്പോള്‍ അത് അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്തേ പറ്റു. കാരണം നിങ്ങളുടെ ഡിജിറ്റല്‍ പാര്ട്ടര്, സാറ്റ്ലൈറ്റ് പാര്‍ട്ട്ണര്‍ എല്ലാം ആ വേഴ്ഷണ് വേണമെന്ന് ആവശ്യപ്പെടും. ഇന്നത്തെ കാലത്ത് രാജ്യത്ത് എല്ലായിടത്തും നമ്മുടെ സിനിമ എത്തുന്നതിനാല്‍ ഒരു സംവിധായകന് എന്ന നിലയില്‍ സിനിമയുടെ ഓരോ വേര്‍ഷനും മികച്ചതാക്കേണ്ടത് അത്യാവശ്യമാണ്. അതല്ലാതെ വെറുതെ ഡബ്ബ് വേര്‍ഷന്‍ ചെയ്തിട്ട് കാര്യമില്ല. ഏതായാലും നിങ്ങള്‍ അത് ചെയ്യുമ്പോള്‍ രാജ്യത്തും ലോകത്തും എത്തുന്ന സിനിമയുടെ വേര്‍ഷനുകള്‍ മികച്ചതാക്കാന്‍ ശ്രമിക്കണം.
ലൂസിഫറിന്റെ രണ്ടാം ഭാഗം വലിയൊരു സിനിമയാണെങ്കിലും നിരവധി രാജ്യങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ടെങ്കിലും അതിന്റെ കാതല്‍ എന്ന് പറയുന്നത് കേരളത്തില്‍ സംഭവിക്കുന്ന ഒരു കഥയാണ്. കേരള രാഷ്ട്രീയത്തില്‍ ആഴ്ന്നിരിക്കുന്ന ഒരു കഥയുമാണ്. മറ്റ് രാജ്യത്തെയും ഭാഷകളിലേയും പ്രേക്ഷക്ക് സിനിമ ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്. പൃഥ്വിരാജിന്റെ തന്നെ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടിയാണ് എമ്പുരാന്. ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ എമ്പുരാനില്‍ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ.