അനിമല്‍ സിനിമയ്ക്കതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ്ഡ് എംപിയുമായ രന്‍ജീത് രഞ്ജന്‍. അനിമല്‍ കാണാന്‍ പോയ തന്റെ മകള്‍ സിനിമ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിയേറ്ററില്‍ നിന്നും ഇറങ്ങി പോന്നുവെന്ന് എംപി രാജ്യസഭയില്‍ പറഞ്ഞു.
‘സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മള് എല്ലാവരും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാന്‍ കഴിയും. എന്റെ മകള്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം ‘അനിമല്‍’ കാണാന്‍ പോയിരുന്നു. സിനിമ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കണ്ണീരോടെ അവള് തിയേറ്റര്‍ വിട്ടു. അവള്‍ക്ക് കരച്ചില് നിര്‍ത്താന്‍ കഴിഞ്ഞില്ല’, എംപി അഭിപ്രായപ്പെട്ടു.
‘ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തെയാണ് കാണിക്കുന്നത്. കബീര്‍ സിംഗ് എന്ന സിനിമ നോക്കൂ. കേന്ദ്രകഥാപാത്രം അയാളുടെ ഭാര്യയെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കള്‍ ഇത്തരം കഥാപാത്രങ്ങളെ മാതൃകയായി കാണുന്നു. സിനിമകളില്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ കാണുന്നതുകൊണ്ടാണ് സമൂഹത്തിലും ഇതെല്ലാം കാണേണ്ടി വരുന്നത്. ഈ സിനിമ സിഖ് മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി’യെന്നും എം.പി ആരോപിച്ചു.