ചെന്നൈ: നടി തൃഷയ്ക്ക് എതിരായ പരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. നവമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനോ അല്ലെങ്കിൽ തത്തുല്യമായ വകുപ്പിലോ നടനെതിരെ കേസെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് വനിതാ കമ്മീഷൻ നിർദേശം നൽകി.
ലിയോയിൽ തൃഷയുമായി ബെഡ് റൂം സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേക്ക് ഇട്ടതുപോലെ തൃഷയെയും ചെയ്യാൻ സാധിക്കുമെന്ന് കരുതിയെന്നും അതിനായി ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് മൻസൂർ അലിഖാൻ പറഞ്ഞത്. നടൻ്റെ പരാമർശത്തിനെതിരെ നടി തൃഷയും തമിഴ് താരസംഘടനയായ നടികർ സംഘവും രംഗത്ത് വന്നിരുന്നു.
വിവാദപരാമർശം മൻസൂർ അഖിഖാൻ തിരുത്തണമെന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തി നിരുപരാധികം മാപ്പ് പറയണമെന്നും നടികർ സംഘം അധ്യക്ഷൻ നടൻ നാസ്സർ ആവശ്യപ്പെട്ടു. മൻസൂർ അലിഖാന്റെ പരാമർശം ഞെട്ടിച്ചെന്നും നടനെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും അസോസിയേഷൻ വ്യക്തമാക്കി. മൻസൂർ അലിഖാൻ്റെ പരാമർശത്തിലൂടെ അപമാനിക്കപ്പെട്ട നടിമാർക്കൊപ്പമാണ് (തൃഷ,റോജ,ഖുശ്ബു) നടികർ സംഘമെന്നും ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മൻസൂർ പഠിക്കേണ്ടതുണ്ടെന്നും ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നാസർ പറഞ്ഞു.
അതേസമയം മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നായിരുന്നു വിഷയത്തിൽ നടി തൃഷയുടെ പ്രതികരണം. സംവിധായകൻ ലോകേഷ് കനകാരജും പ്രസ്താവനയെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. പ്രസ്തവാന വിവാദമായതോടെ വിശദീകരണവുമായി മൻസൂർ അലി ഖാനും രംഗത്ത് എത്തിയിരുന്നു. തൃഷയെ പ്രശംസിക്കുക ആണ് താൻ ചെയ്തതെന്നും എഡിറ്റഡ് വീഡിയോ മാത്രമാണ് പുറത്തുവന്നതെന്നും മൻസൂർ പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്നവരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും നടൻ പ്രതികരിച്ചിരുന്നു.