മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമയുഗത്തിന്റെ ഗ്ലോബല്‍ ട്രെയിലര്‍ ലോഞ്ച് ഇന്ന് അബുദാബി അല്‍ വഹ്ദ മാളില്‍. വൈകിട്ട് ഏഴ് മണിക്കാണ് ട്രെയിലര്‍ ലോഞ്ച് നടക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മമ്മൂട്ടിയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
‘ഭ്രമയുഗം എന്ന സിനിമ ഫെബ്രുവരി 15ന് റിലീസ് ആവുകയാണ്. ശനിയാഴ്ച പത്താം തീയതി അബുദാബി അല്‍ വാഹ്ദാ മാളില്‍ വെച്ച് ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നുണ്ട്. എല്ലാവരും വരണം. അവിടെ വെച്ച് കാണാം,’ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറപ്പില്‍ പറഞ്ഞു.
രാഹുല്‍ സദാശിവന് കഥയും സംവിധാനവും നിര്‍വഹിച്ച ഭ്രമയുഗം ഫെബ്രുവരി 15നാണ് തീയേറ്ററുകളിലെത്തുന്നത്. പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജിസിസിയിലും വമ്പന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. 22ല്‍ അധികം രാജ്യങ്ങൡ ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. യുകെ, ഫ്രാന്‍സ്, പോളണ്ട്, ജര്‍മ്മനി, ജോര്‍ജിയ, ഓസ്ട്രേലിയ, മോള്‍ഡോവ, ഇറ്റലി, മാള്‍ട്ട, ഉസ്ബെക്കിസ്ഥാന് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങൡും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. അതേസമയം ചിത്രം കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്നും ഫിക്ഷണല്‍ സ്റ്റോറിയാണെന്നും സംവിധായകന് രാഹുല്‍ സദാശിവന് പറഞ്ഞിരുന്നു.