ഷാർജ: ലോഹം കൊണ്ട് അറബിനാട്ടിൽ ഒരു ലോകം സൃഷ്ടിച്ച മലയാളി ആർ ഹരികുമാർ തന്റെ ആത്മകഥയായ ഹരികഥ പ്രകാശനം ചെയ്കു. എലൈറ്റ് ഗ്രൂപ്പ് എംഡിയും മനുഷ്യ സ്നേഹിയുമായ ഹരികുമാറിന്റെ പുസ്തകപ്രകാശന ചടങ്ങ് പ്രവാസി മലയാളികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. സംവിധായകൻ കമൽ പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ചു. നടൻ സൈജു കുറുപ്പ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
കൊവിഡ് കാലത്ത് ശ്രദ്ധേയ മാധ്യമപ്രവർത്തനം നടത്തിയ മാധ്യമപ്രവർത്തകരെ ചടങ്ങിൽ ഹരികഥ പുരസ്കാരം നൽകി ആദരിച്ചു. എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുൺ രാഘവൻ ചടങ്ങിൽ ഹരികഥ പുരസ്കാരം മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയിൽ നിന്നും ഏറ്റുവാങ്ങി. മാനോരമ കറസ്പോണ്ടന്റ് സാദിഖ് കാവിൽ, മീഡിയ വൺ കറസ്പോണ്ടന്റ് എംസിഎ നാസർ, സിറാജ് കറസ്പോണ്ടന്റ് റാഷിദ് പൂമാടം എന്നിവർക്കും ഹരികഥാ പുരസ്കാരം സമ്മാനിച്ചു.
സിനിമയിൽ സമ്പന്നരായ വ്യവസായികളെ വില്ലന്മാരായി ചിത്രീകരിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്നും എന്നാൽ ഇത് മാറേണ്ടതാണെന്നും സംവിധായകൻ കമൽ പറഞ്ഞു. താൻ പരിചയപ്പെട്ട വ്യവസായികളെല്ലാവരും മനുഷ്യസ്നേഹികളാണെന്നും പ്രത്യേകിച്ച് പ്രവാസി വ്യവസായികൾ വിശാലഹൃദയരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളാണ് ഹരികഥയിലൂടെ വായനക്കാരോട് ആർ ഹരികുമാർ പങ്കുവയ്ക്കുന്നത്. കവിയും ഗാനരചയിതാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാർ പുസ്തകപരിചയം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായി. ദുബായ് ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമി ചടങ്ങിൽ പങ്കെടുത്തു.