ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കളമശ്ശേരിയിലെത്തി. സര്‍വകക്ഷിയോഗത്തിന് ശേഷമാണ് അദ്ദേഹം കളമശ്ശേരിയിലെത്തിയത്.
സ്ഫോടനം നടന്ന കണ്വെന്ഷന് സെന്റര്‍ ആദ്യം സന്ദര്‍ശിച്ച മുഖ്യമന്ത്രി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഇവിടെ നാല് പേര് ഐസിയുവില്‍ ചികിത്സയിലാണ്.
കാക്കനാട്ടെ സണ്‍റൈസ് ഹോസ്പിറ്റലിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ രാജന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ആംസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ ഉള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
ഞായറാഴ്ച 9.40 ഓടെയാണ് കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ കടവന്ത്ര സ്വദേശി ഡൊമിനിക് മാര്ട്ടിന് പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തവും ഇയാള്‍ ഏറ്റെടുത്തിട്ടുണ്ട്. ഒറ്റയ്ക്കാണ് സ്ഫോടനം നടത്തിയതെന്നും ഇയാള്‍ സമ്മതിക്കുന്നുണ്ട്.