സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മൂന്ന് ഡാമുകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് മംഗലം ഡാം, തൃശൂര്‍ ഷോളയാര്‍ ഡാം, ഇടുക്കി കുണ്ടള ഡാം എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമീപവാസികളോട് ജാഗ്രത പാലിക്കാനും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
1758.45 മീറ്ററാണ് കുണ്ടള ഡാമിലെ നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 94.6 ശതമാനം വെള്ളമാണ് ഡാമിലുള്ളതെന്നാണ് വിലയിരുത്തല്‍. ഷോളയാറില്‍ 2661.30 അടി വെള്ളമാണ് നിലവിലെ ജലനിരപ്പ്. മംഗലം ഡാമില്‍ 77.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 92 ശതമാനം മംഗലം ഡാമിലുള്ളത്. പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും വരുന്ന അഞ്ച് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.
മഹാരാഷ്ട്രയുടെ മധ്യഭാഗത്തിനും തെക്കന്‍ ജാര്‍ഖണ്ഡിനും മുകളിലായി രണ്ട് ന്യൂന മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വരുന്ന അഞ്ച് ദിവസം കേരളത്തില്‍ മിതമായ/ ഇടത്തരമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.