റിയാദ്: കരിപ്പൂരിൽ നിന്നെത്തി റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ യുവാവിൻ്റെ പാസ്പോർട്ട് കണ്ടെത്തി. ഇദ്ദേഹത്തിന്റെ അടുത്ത സീറ്റിൽ യാത്ര ചെയ്ത ജിസാനിലെ യാത്രക്കാരൻ്റെ ബാഗിൽ നിന്നാണ് പാസ്പോർട്ട് കിട്ടിയത്. ഇതോടെ പാസ്പോർട്ട് റിയാദ് വിമാനത്താവളത്തിൽ എത്തിച്ച് യുവാവിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കോഴിക്കോട് സ്വദേശി മുഹമ്മദ് ചാലിൽ എന്ന ചെറുപ്പക്കാരനാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിന് പുറത്ത് കടക്കാൻ സാധിക്കാതെ കുടുങ്ങി കിടക്കുന്നത്. കരിപ്പൂരിൽ നിന്നും വെള്ളിയാഴ്ച രാവിലെ 11.45-നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് മുഹമ്മദ് റിയാദിലേക്ക് പോയത്. വിമാനത്തിലെ എ 27 എന്ന സീറ്റിലായിരുന്നു ഇയാൾ ഇരുന്നത്. റിയാദിലെത്തിയപ്പോൾ പാസ്പോർട്ട് കാണാനില്ലെന്ന കാര്യം മുഹമ്മദിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.
യാത്രാമധ്യേ പാസ്പോർട്ട് കാണാതായെന്നാണ് സംശയിക്കുന്നത്. പാസ്പോർട്ട് ഇല്ലാത്തതിനാൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ ഇയാൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. രാത്രി വൈകിയും റിയാദ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ തുടരുകയാണ് മുഹമ്മദ് ചാലിൽ. പാസ്പോർട്ട് ബാഗിൽ വെച്ചതാണെന്നും പിന്നെ കണ്ടില്ലെന്നുമാണ് ബന്ധപ്പെട്ടവരോട് മുഹമ്മദ് പറയുന്നത്. മുഹമ്മദിനെ പുറത്തിറക്കാൻ സ്പോൺസറടക്കം ശ്രമിച്ചെങ്കിലും പാസ്പോർട്ടില്ലാതെ കടത്തി വിടില്ലെന്ന നിലപാടിലാണ് ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ.
ഇതോടെ മുഹമ്മദിൻ്റെ സുഹൃത്തുകളും മറ്റും വിഷയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഫ്ലൈ നാസ് വിമാനത്തിൽ മുഹമ്മദ് ഇരുന്ന സീറ്റിന് അടുത്തുള്ള സീറ്റുകളായ എ 26, ബി 26, എ 27, ബി 27, സി 27 എന്നിവയിൽ യാത്ര ചെയ്തവരെ കണ്ടെത്തി. ഇതിൽ ജിസാനിലേക്ക് പോകുന്ന നിഹാസ് എന്ന യാത്രക്കാരനേയും ബന്ധപ്പെട്ടു. എന്നാൽ നിഹാസ് അപ്പോൾ ഹാൻഡ് ബാഗ് പരിശോധനിച്ചെങ്കിലും പാസ്പോർട്ട് കിട്ടിയില്ല. പിന്നീട് റിയാദിൽ നിന്നും നിഹാസ് ജിസാനിലെത്തി ബാഗുകളെല്ലാം വിശദമായി പരിശോധിച്ചപ്പോൾ ആണ് മുഹമ്മദിൻ്റെ പാസ്പോർട്ട് കിട്ടിയത്. പാസ്പോർട്ട് ഇന്ന് തന്നെ റിയാദിലെത്തിച്ച് സ്പോൺസർ മുഖേനെ മുഹമ്മദിനെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തൂവൂർ അറിയിച്ചു.