പുരസ്കാര പ്രതിമയെ കുറിച്ച് നടന് അലന്‍സിയര്‍ നടത്തിയ പരാര്‍ശം അനവസരത്തിലെന്ന് സംവിധായകന് എം എ നിഷാദ്. അലന്‍സിയര്‍ പറയുന്നതിന് കൈയ്യടിക്കുന്നവര്‍ അത് ആണഹങ്കാരത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും എം എ നിഷാദ് എഡിറ്റോറിയലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു പെണ് പ്രതിമ കണ്ടാല്‍ പ്രലോഭിപ്പിക്കപ്പെടുന്നതാണോ ആണത്തം? ശ്രദ്ധ പിടിച്ചു പറ്റാന്‍ ഉള്ള ചില ശ്രമങ്ങളാണ് അലന്‍സിയര്‍ നടത്തിയത്. സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരന്മാര് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും എന്നും അദ്ദേഹം പറഞ്ഞു.
എം എ നിഷാദിന്റെ വാക്കുകള്‍
ഓരോരുത്തര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടില്ല ഇതുവരെ. കേന്ദ്രത്തില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുകയാണെങ്കില്‍ പോലും ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. പക്ഷെ സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരന്മാര് ചില വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം.
അലന്‍സിയര്‍ നല്ല നടനാണ്, എന്റെ സുഹൃത്താണ്, എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇനിയും എന്റെ സിനിമകളില്‍ അലന്‍സിയറെ സഹകരിപ്പിക്കും. പക്ഷെ അദ്ദേഹം പറഞ്ഞതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. പക്ഷെ പറഞ്ഞത് കേള്‍ക്കുമ്പോള്‍ ഇതൊക്കെ കുറച്ച് അറ്റന്ഷന് സീക്കിങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ പറ്റില്ല. 2017ല്‍ എനിക്കും അലന്‍സിയറിനും സ്റ്റേറ്റ് അവാര്‍ഡ് ഉണ്ടായിരുന്നു. അന്ന് മോഹന്‍ലാല്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചു. ഞാന്‍ അന്ന് തന്നെ അതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അത്ഭുതമുണ്ടാക്കുന്നു. ഒരു പെണ് പ്രതിമ കണ്ടാല്‍ പ്രലോഭിപ്പിക്കപ്പെടുന്നതാണോ ആണത്തം? ഒരു സ്ത്രീയെ ചേര്‍ത്ത് പിടിക്കുന്നതല്ലേ ആണത്തം. അത്തരത്തിലൊരു പരാമര്‍ശം അനവസരത്തിലായിരുന്നു. ഇത് അലന്‍സിയറോട് നേരിട്ട് പറയാനും മടിയില്ല.
എന്റെ ഒരു സിനിമയിലേ അലന്‍സിയര്‍ അഭിനയിച്ചിട്ടുള്ളു. അതില്‍ അദ്ദേഹം പൂര്‍ണമായും പ്രൊഫഷണല്‍ ആയാണ് നിന്നത്. ഒരു ആര്‍ടിസ്റ്റ് എന്റെ കൂടെ സഹകരിക്കുന്നുണ്ടോ എന്ന് മാത്രം ഞാന്‍ നോക്കിയാല്‍ മതി. പക്ഷെ അലന്‍സിയര്‍ പറയുന്നതിന് കൈയ്യടിക്കുന്നവര്‍ ഉണ്ടെങ്കില്‍ ആണഹങ്കാരത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് പറയാന്‍ എനിക്ക് മടിയില്ല.